താമരശേരി: കത്തോലിക്കാ സഭയിലെ അധർമ്മികൾക്കെതിരെ വീണ്ടും ചാട്ടവാറെടുത്ത് താമരശേരി രൂപതാ വൈദികൻ അജി പുതിയാപറമ്പിൽ . യേശുവിൻ്റെ പീഡാനുഭവം ഓർമിപ്പിക്കുന്ന നേ ാമ്പുകാലം ആഗമമായിരിക്കെ ഫാ. അജിയുടെ പുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. *ക്രിസ്തുവിൻ്റെ ധിക്കാരി.*
കഴിഞ്ഞ ജനുവരി മാസത്തിൽ എൻ്റെ ഇടവകയിലെ പള്ളിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. അപ്പോൾ പ്രായമായ ഒരാൾ എൻ്റെ അടുക്കലേയ്ക്ക് വന്നു.
രണ്ടു കൈകളും ചേർത്ത് പിടിച്ച് എൻ്റെ കണ്ണുകളിലേയ്ക്ക് വാത്സല്യത്തോടെ നോക്കി….. എന്നിട്ട് അല്പം ഇടറിയ സ്വരത്തിൽ അദ്ദേഹം ചോദിച്ചു:
“അച്ചൻ്റെ പിണക്കം ഒക്കെ മാറിയോ?
ഇനി എന്നാണ് മടങ്ങി വരിക?”
ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി…. അവ സജ്ജലങ്ങളായിരുന്നു.!!
മറ്റൊരിക്കൽ ഒരു അടുത്ത സുഹൃത്ത് എന്നോട് ചോദിച്ചു:
“എന്താണ് നിൻ്റെ പ്രശ്നം?
എന്താണ് നിൻ്റെ പ്ലാൻ?”
നാല് പ്രധാനപ്പെട്ട ചോദ്യങ്ങൾ?
വീണ്ടും വീണ്ടും മനസ്സിൽ തികട്ടി വരുന്ന ചോദ്യങ്ങൾ !!!
അവ ഞാൻ എന്നോട് തന്നെ ചോദിച്ചു…
*1 . എന്നിൽ* *പിണക്കമുണ്ടോ?* *ഉണ്ടെങ്കിൽ* *ആരോട്?*
ഉത്തരം:
ഉണ്ട്… ശരിക്കും എന്നിൽ പിണക്കമുണ്ട്. എന്നാൽ അത് വ്യക്തിപരമല്ല. !!! ഇന്നത്തെ സഭാസംവിധാനത്തിന് ബാധിച്ചിരിക്കുന്ന ജീർണ്ണതകളോടാണ് . അത് വെറുമൊരു പിണക്കമല്ല ; മറിച്ച് മനസ്സിൻ്റെ കലാപമാണ്.
*2 .എന്നാണ് മടക്കം?*
ഉത്തരം:
യാത്ര തുടരുകയാണ്. നിയോഗം പൂർത്തിയാക്കാനുണ്ട്. സമയമാകട്ടെ വളരെ കുറവും.
*3 . എന്താണ് പ്രശ്നം?*
ഇപ്പോൾ ആയിരിക്കുന്ന സഭയും ആയിത്തീരേണ്ട സഭയും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിച്ച് വരുന്നത് എന്നെ അസ്വസ്ഥനാക്കുന്നു.
ക്രിസ്തുവിൻ്റെ സഭ ക്രിസ്തുവിൽ നിന്നും വിപരീത ദിശയിൽ ഓടി അകലുകയാണ്. ഇതിനോട് ചേർന്ന് ഓടുക എന്നത് എൻ്റെയും നിലനില്പിൻ്റെ പ്രശ്നമായിരുന്നു. എന്നാൽ ഇതിനോട് സമരസപ്പെടാനും ഒഴുക്കിനൊത്ത് ആയാസരഹിതമായി നീന്താനുമുള്ള പ്രലോഭനത്തിനോട് മനസ്സ് കലഹിക്കുന്നു.
നിശ്ശബ്ദത പാലിക്കാനുള്ള പ്രലോഭനത്തെയും അതിജീവിക്കുന്ന ഒരു ഉൾവിളി എന്നെ
കർമ്മനിരതനാക്കുന്നു. ഈ നിയോഗത്തെ നിരസിക്കാൻ കഴിയാത്ത വിധം ക്രിസ്തുവിൻ്റെ ദർശനങ്ങളും നിലപാടുകളും എന്നെ ആകർഷിക്കുന്നു. ഇതൊക്കെയാണ് എന്റെ പ്രശ്നങ്ങൾ .
*4 . എന്താണ് പ്ലാൻ ?*
അനീതിക്കും അസത്യത്തിനും അധർമ്മത്തിനുമെതിരേ ശബ്ദ്ധമുയർത്തുന്നത് ധിക്കാരവും, നിശ്ശബ്ദ്ധത പാലിക്കുന്നത് പുണ്യവുമായി വാഴ്ത്തപ്പെടുന്ന ഈ സത്യാനന്തര കാലഘട്ടത്തിൽ ഒരു ധിക്കാരിയാകാനാണ് എൻ്റെ ആഗ്രഹം. അതെ ക്രിസ്തുവിൻ്റെ ധിക്കാരി…. അതാണ് എൻ്റെ നിയോഗമെന്ന് ഞാൻ തിരിച്ചറിയുന്നു . കാരണം ക്രിസ്തുവും അത്തരത്തിൽ ഒരു *ധിക്കാരിയായിരുന്നുവല്ലൊ*.!!!
ഫാ. അജി പുതിയാപറമ്പിൽ