എറണാകുളം : കേരളത്തിലെയടക്കം മെത്രാന്മാരുടെ ആഡംബര ജീവിതത്തിനെതിരെ ആഞ്ഞടിച്ച് ഫാ. അജി പുതിയാപറമ്പിൽ . കാലിത്തൊഴുത്തിൽ പിറന്ന് എളിമയുടെ മാത്രം പാതയിൽ ജീവിച്ച യേശുക്രിസ്തുവിൻ്റെ പിൻഗാമികളായ ബിഷപുമാർ സുഖലോലുപതയിൽ ജീവിക്കുമ്പോൾ വിശ്വാസികൾ ജീവിതഭാര മൂലം കഷ്ടപ്പെടുന്ന നിലവിലെ സാഹചര്യത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവാചക ദൗതം ഏറ്റെടുത്ത ഫാ. അജി പ്രതികരിക്കുന്നത്. പോസ്റ്റ് താഴെ –
*മെത്രാൻ*
വിക്ടർ ഹ്യൂഗോയെ പരിചയമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. തകഴിയെപ്പോലെ, ഒ.വി. വിജയനെ പോലെ എം.ടിയെ പ്പോലെ കേരളീയർക്ക് സുപരിചിതനാണ് വിക്ടർ ഹ്യൂഗോ എന്ന ഫ്രഞ്ച് സാഹിത്യകാരനും.
അദ്ദേഹത്തിൻ്റെ വിശ്വോത്തര സാഹിത്യ സൃഷ്ടിയായ പാവങ്ങൾ എന്ന നോവൽ വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. അമേരിക്കൻ സാഹിത്യകാരനായ ആപ്റ്റൻ സിംഗ്ലയറിൻ്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ആറ് നോവലുകളിൽ ഒരെണ്ണം വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ ( *Les Miserables* ) ആണ്. 1862 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്.
*ഫ്രാങ്കോ മിരിയേൽ* എന്ന മെത്രാനെ പരിചയപ്പെടുത്തി കൊണ്ടാണ് ഈ നോവൽ ആരംഭിക്കുന്നത്. മനുഷ്യ സ്നേഹിയായ മെത്രാൻ . മാനവസേവ മാധവസേവയാക്കിയ പുണ്യപ്പെട്ട പുരോഹിത ശ്രേഷ്ഠൻ. !!
കൊട്ടാര സദൃശ്യമായ മെത്രാസന മന്ദിരം ആശുപത്രിക്ക് വിട്ട് നല്കിയിട്ട് ഒരു കൊച്ച് വീട്ടിലേക്ക് താമസം മാറ്റിയ ദയാലു . !!!!
ആ കൊച്ചുവീടിൻ്റെ വാതിൽ അദ്ദേഹം ഒരിക്കലും പൂട്ടിയിരുന്നില്ല. ആർക്കും എപ്പോൾ വേണമെങ്കിലും മുൻകൂട്ടി അനുമതിയൊന്നും വാങ്ങാതെ തന്നെ അവിടേയ്ക്ക് വരാമായിരുന്നു.
6 വെള്ളി സ്പൂണുകളും ഫോർക്കുകളുമായിരുന്നു ഇദ്ദേഹത്തിന് ആകെയുണ്ടായിരുന്ന ആഡംബര വസ്തുക്കൾ.!!
ഓ……… അല്ല,
ഇവയ്ക്ക് പുറമേ, കുടുംബ സ്വത്തായി കിട്ടിയ 2 വെള്ളി തിരിക്കാലുകളും ഉണ്ടായിരുന്നു.
ഒരു രാത്രി – ഒരൊറ്റ രാത്രി ജീൻ വാൽജീൻ എന്ന മനുഷ്യന് മിരിയേൽ മെത്രാൻ
അഭയം നല്കി. 19 വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായ ഈ മനുഷ്യന് അഭയം നല്കാൻ ആ പട്ടണത്തിൽ ഈ മെത്രാൻ മാത്രമേ മനസ്സ് കാണിച്ചുള്ളൂ,
ബാക്കിയെല്ലാവരും ഒരു രാത്രി അന്തിയുറങ്ങാനുള്ള അദ്ദേഹത്തിൻ്റെ അഭ്യർത്ഥനെയെ നിരാകരിച്ചു. ചിലർ ആട്ടിയോടിച്ചു.
ദുഖകരമെന്ന് പറയട്ടെ ആ രാത്രിയിൽ മെത്രാൻ്റെ വെള്ളി സ്പൂണുകൾ മോഷ്ടിച്ച് ജീൻ വാൽജീൻ കടന്നു കളഞ്ഞു. പക്ഷെ ഭാഗ്യം ജീൻ വാൽജീനിൻ്റെ പക്ഷത്തല്ലായിരുന്നു . അയാൾപോലീസിൻ്റെ പിടിയിലായി. പോലീസുകാർ മോഷ്ടാവിനെ മെത്രാൻ സമക്ഷം ഹാജരാക്കി. ഒരു കഷണം റൊട്ടി മോഷ്ടിച്ചതിനാണ് 19 വർഷം ജയിലിൽ കിടന്നത്. താനിതാ വീണ്ടും നരക തുല്യമായ ആ ജയിലിലേയ്ക്ക്…… ഭയവും ദുഖവും കൊണ്ട് ജീൻ വാൽജീന് ശ്വാസം നിലച്ചപോലെ തോന്നി…..കണ്ണുകളിൽ ഇരുട്ട് കയറി…..
അപ്പോൾ മെത്രാൻ ജീൻ വാൽജിനോട് പറഞ്ഞു ” സഹോദരാ എന്തുകൊണ്ടാണ് ആ വെള്ളി തിരിക്കാലുകൾ കൂടി എടുക്കാതിരുന്നത്. അതും ഞാൻ അങ്ങേയ്ക്ക് തന്നതായിരുന്നുവല്ലോ” ജീൻ വാൽജീൻ അദ്ഭുതം കൊണ്ട് സമനില തെറ്റിയവനെപ്പോലെ യായി !!!! .
ആ നിമിഷം മുതൽ
അയാൾ ഒരു പുതിയ മനുഷ്യനാകാനുള്ള യാത്ര ആരംഭിച്ചു.!!!
ഫ്രഞ്ച് വിപ്ലവാനന്തരം എഴുതപ്പെട്ട ഈ ‘നോവലിനെക്കുറിച്ച്
നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിക്ടർ ഹ്യൂഗോയുടെ *ഫ്രാങ്കോ മിരിയേൽ* എന്ന മെത്രാൻ വെറുമൊരു ഭാവനാസൃഷ്ടി മാത്രമല്ലെന്നാണ് അവയൊക്കെ പറയുന്നത്. വിക്ടർ ഹ്യൂഗോയ്ക്ക് പരിചയമുണ്ടായിരുന്ന,
സമാന സ്വഭാവമുള്ള ഒരു മെത്രാനെയാണ് കഥാപാത്രമാക്കി മാറ്റിയത്. !
വിക്ടർ ഹ്യൂഗോ തിരിച്ചു വരികയും, കേരളത്തിലെ ഒരു മെത്രാൻ കഥാപാത്രത്തെ തൻ്റെ സാഹിത്യ സൃഷ്ടിയിൽ ഉൾപ്പെടുത്താനും മുതിർന്നാൽ എന്ത് വേഷമായിരിക്കും നല്കുക?…നായക വേഷമോ അതോ വില്ലൻ വേഷമോ???
കേരളത്തിൽ ഇന്ന് ഏറ്റവും വിലകൂടിയ കാറുകൾ ഒരുമിച്ച് കാണണമെങ്കിൽ ഒന്നുകിൽ മലയാള നടീനടൻമാരുടെ സംഘടനയായ ‘അമ്മ’ യുടെ ജനറൽ ബോഡി യോഗം നടക്കുന്നിടത്ത് ചെല്ലണം !!!!
അല്ലെങ്കിൽ കേരളത്തിലെ മെത്രാൻമാരുടെ സമ്മേളനം നടക്കുന്നിടത്ത് പോകണം. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ കാണണമെങ്കിൽ ഒന്നുകിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഏതെങ്കിലും ഒരു മെത്രാസന മന്ദിരത്തിൽ ചെല്ലണം.!!
ഇന്ന് കേരളത്തിൽ ഏറ്റവും അധികം സത്യസന്ധതനയുള്ളവരുടെ ലിസ്റ്റിൽ ലോട്ടറി കച്ചവടക്കാരും സാധാരണക്കാരുമൊക്കെയാന്നുള്ളത്.
പണ്ടൊക്കെ സമുദായങ്ങൾ തമ്മിലോ രാഷ്ട്രീയ പാർട്ടികൾ തമ്മിലോ കലഹങ്ങൾ ഉണ്ടാകുമ്പോൾ സമാധാനം സ്ഥാപിക്കുന്ന മധ്യസ്ഥരുടെ റോളായിരുന്നു മെത്രാൻമാർക്ക്. എന്നാൽ ഇന്ന് വഴക്കിൻ്റെ ഏതെങ്കിലും ഒരു വശത്ത് മെത്രാനുണ്ട്. (സഭയ്ക്കുള്ളിലും പുറത്തും). മധ്യസ്ഥൻമാർ മറ്റുള്ളവരാണ് . !!!
എന്തൊരു മാറ്റമാണിത്…..
സങ്കടകരമാണ്.!!!!
ആഡംബരത്തിൻ്റെ അവസാന വാക്ക് എന്നത് ഒരു ലക്ഷ്വറി ഉല്പന്നത്തിൻ്റെ പരസ്യവാചകമാണ്. കേരളത്തിലെ മെത്രാൻമാരെ നോക്കി ഇനി ആരും അങ്ങനെ പറയാതിരിക്കട്ടെ. . മാറ്റങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ കാലം മാറ്റങ്ങൾ കൊണ്ടുവരും.
മാതൃക കൊണ്ടും മാന്യത കൊണ്ടും സമ്പന്നരായ നിരവധി പിതാക്കൻമാർ കേരളത്തിൽ ഉണ്ടായിരുന്നു. അതിൽ പലരും ഈ മണ്ണിനോട് വിട പറഞ്ഞു . ചിലർ റിട്ടയർ ചെയ്തു. മറ്റു ചിലർ നിശ്ശബ്ദരാണ്.
ഇതൊക്കെ അപ്രിയ സത്യങ്ങളാണ്. കൊല്ലപ്പെടാനുള്ള ആടിന് ഭയപ്പെടേണ്ട കാര്യമില്ല. സത്യത്തിൻ്റെ പക്ഷത്തു നിന്ന് ഞാനിതു പറയുമ്പോൾ എന്നോടാർക്കുംപരിഭവം തോന്നേണ്ട കാര്യവുമില്ല.!!!
ഫാ. അജി പുതിയാപറമ്പിൻ .