കോഴിക്കോട് : ഭർത്താവിനെ അന്വേഷിച്ചെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന ഭാര്യയുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. തുടർ നടപടികൾ ശുപാർശ ചെയ്യാതെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ നടപടി.
കേസിൽ കോടതി വിധി വന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നത് ചട്ട വിരുദ്ധമാകുമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
കക്കയം ഫോറസ്റ്റ് ഓഫീസിലെയും കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്കെതിരെ കക്കയം മരുതോലിൽ എ. എം. ലൈല സമർപ്പിച്ച പരാതിയിലാണ് നടപടി. 2017 നവംബർ 14 നായിരുന്നു സംഭവം. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിനായി കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം ഏറ്റെടുത്തു.പരാതിക്കാരിയുടെ ഭർത്താവ് മരുതോലിൽ ബേബി നായാട്ട് നടത്തി ഇറച്ചിയുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ബേബിയുടെ വീട്ടിലെത്തിയതെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി. ബേബിയുടെ കാറിന്റെ ഡിക്കിയിൽ നിന്നും വീട്ടിനുള്ളിൽ നിന്നും കാട്ടിറച്ചി പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നു. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. പരാതിക്കാരിയെ ആക്രമിച്ചതിന് തെളിവില്ല. പരാതിക്കാരിയെ അന്യായ തടങ്കലിലാക്കിയെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തി. കൂരാച്ചുണ്ട് പോലീസിനെതിരെയുള്ള പരാതി നിലവിൽ കോടതിക്ക് മുന്നിലാണ്.
പെരുവണ്ണാമൂഴി റേയ്ഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ കാറിൽ നിന്നും 25 കിലോയും ബേബിയുടെ വീട്ടിൽ നിന്നും 10 കിലോ കാട്ടിറച്ചിയും പിടികൂടിയിട്ടുണ്ട്. കാട്ടുപോത്തിന്റെ കൊമ്പുകളോടു കൂടിയ തലയോട്ടി, മലമാനിന്റെ കൊമ്പുകളോടു കൂടിയ തലയോട്ടി എന്നിവ തൊണ്ടി മുതലായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതി വെറുതെ വിട്ടതെന്ന് പരാതിക്കാരിയും അറിയിച്ചു.
സിറ്റിങ് 26 ന്
കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ഇന്ന് (26/03/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.