താമരശേരി: *ഈസ്റ്റർ എന്നാൽ വിമതൻ്റെ വിജയമാണ്* !!!
ഇന്ത്യയിലെ മത – രാഷ്ട്രീയ സാഹചര്യത്തിൽ ചിന്തിക്കുമ്പോൾ ഈസ്റ്ററെന്നാൽ വിമതൻ്റെ വിജയമാണ്!!.
ഔദ്യോഗിക പക്ഷത്തിനാൽ വിമതനെന്നും ദേശവിരുദ്ധനെന്നും മുദ്രകുത്തപ്പെട്ട യേശു എന്ന ശരിപക്ഷം വിജയം നേടിയ ദിവസം. …….. നന്മയ്ക്ക് വേണ്ടി നിലപാടുകൾ സ്വീകരിക്കുകയും എന്നാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എക്കാലത്തേയും മനുഷ്യസ്നേഹികൾക്കുമുള്ള സദ്വാർത്തയാണ് ഈസ്റ്റർ. !!
ഔദ്യോഗികപക്ഷം പലപ്പോഴും ശരിപക്ഷമാകില്ലെന്നും ശരിപക്ഷം എല്ലായ്പ്പോഴും ന്യുനപക്ഷമായിരിക്കുമെന്ന ചരിത്ര യാഥാർത്ഥ്യം യേശുവിൻ്റെ കാര്യത്തിൽ തികച്ചും അന്വർത്ഥമായി.!!
ഔദ്യോഗിക മതകോടതിയായ സാൻഹെദ്രിൻ്റെയും റോമൻ ഭരണ സംവിധാനത്തിൻ്റെയും നേതൃത്വത്തിലാണ് യേശുവിനെ കുരിശിൽ തറച്ചത്. ആധുനിക ഇന്ത്യയിലും നീതിക്ക് വേണ്ടിയുള്ള നിലവിളികൾ അടിച്ചമർത്തപ്പെടുന്നത് ഇങ്ങനെയൊക്കെ തന്നെയാണെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്.
അന്ന് മതനേതാക്കളുടെ സോഷ്യൽ എഞ്ചിനീയറിങ്ങിൽ സൃഷ്ടിക്കപ്പെട്ട പൊതുജനാഭിപ്രായവും യേശുവിനെതിരായിരുന്നു.
”യേശുവിനെ ക്രൂശിക്കുക ബറാബാസിനെ മോചിപ്പിക്കുക’, എന്ന ജനശബ്ദം ഓർക്കുന്നുണ്ടാവും. വൈദഗ്ദ്യമുള്ള പ്രഭാഷകന് ജനമനസ്സിനെ ഏത് രീതിയിലും സ്വാധീനിക്കാം എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണിത്.
ജനങ്ങൾ മുഴുവൻ നശിക്കാതിരിക്കാനായി ഒരുവൻ മരിക്കുന്നത് നല്ലതാണെന്ന പ്രധാന പുരോഹിതൻ്റെ പ്രസ്താവന യേശുവിനെതിരേയുള്ള കൃത്യമായ ബ്രാൻ്റിങ്ങാണ്. യേശുവിനെ ടാർജറ്റ് ചെയ്യാൻ അനുയായികൾക്ക് കൊടുക്കുന്ന സിഗ്നലാണത്. പുതിയ ഇന്ത്യയിലെ രാഷ്ട്രീയ മേഖലയിൽ ഈ പ്രക്രിയ ഇന്നും നിർബാധം തുടരുന്നുണ്ട്. മതനേതൃത്വവും അതേ സ്കൂളിൽ നിന്നാണ് പുറത്തുവരുന്നത്. *ദൈവീക നിയമങ്ങൾ അനുസരിക്കുന്നവരെയല്ല മതനിയമങ്ങൾ അനുസരിക്കുന്നവരെയാണ് മതനേതാക്കൾക്കിഷ്ടം. അതുപോലെ രാഷ്ട്രനിയമങ്ങളെയല്ല വികലമായ രാഷ്ട്രീയ കാഴ്ചപ്പാടിനെ അനുസരിക്കുന്നവരെയാണ് പുതിയ ഇന്ത്യക്ക് വേണ്ടത്.* അല്ലാത്തവർ ഏത് നിമിഷവും ടാർഗറ്റ് ചെയ്യപ്പെടും, കുരിശിലേറ്റപ്പെടും.!!
പുതിയ ഇന്ത്യയിലെ രാഷ്ട്ര ഭാഷയിൽ *പ്രത്യേക വിഭാഗം*, *ദേശസ്നേഹം*, *ദേശീയത*’ തുടങ്ങിയ വാക്കുകൾ നിരന്തരമായി ആവർത്തിക്കപ്പെടുന്നുണ്ട്. ഈ വിശേഷണങ്ങളുടെ ആഴവും പരപ്പും അനുദിനം കൂടി വരുന്നു എന്നത് ഓരോ ദേശസ്നേഹിയേയും ഭയപ്പെടുത്തുന്നു.
*ഗ്യാരൻ്റി വാഗ്ദത്തം ചെയ്യപ്പെടുന്ന പുതിയ ഇന്ത്യയിൽ ദേശസ്നേഹത്തിൻ്റെ അളവുകോൽ വ്യത്യസ്തമാണ്* . നീ ദേശസ്നേഹിയാണോ അല്ലയോ എന്നത് രാഷ്ട്രത്തിൻ്റെ സംവിധാനങ്ങൾ നിശ്ചയിക്കും. നീ സ്ത്രീയോ പുരുഷനോ എന്നതും നിൻ്റെ പൗരത്വവും വോട്ടവകാശവും എല്ലാം ഔദ്യോഗിക അളവുകോലുകൾക്ക് വിധേയമായിരിക്കും.
അക്കാരണങ്ങളാൽത്തന്നെ ഈ രാജ്യത്ത് ഈസ്റ്റർ നല്കുന്ന പ്രതീക്ഷ വലുതാണ്. എങ്ങനെയൊക്കെ പീഡിപ്പിച്ചാലും എത്രമാത്രം ആഴത്തിൽ കബറടക്കിയാലും കല്ലറയ്ക്ക് കനത്ത കാവൽ ഏർപ്പെടുത്തിയാലും *ശരിപക്ഷം ഒരുനാൾ ഉയിർത്തെഴുന്നേല്ക്കുക തന്നെ ചെയ്യും. അതിനെ തടയാൻ ഒരു ഭരണകൂടത്തിനും കെൽപ്പുണ്ടാവില്ല .!!!*
യേശുവിൻ്റെ ഉത്ഥാനം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
ഏവർക്കും എൻ്റെ ഈസ്റ്റർ ആശംസകൾ.🙏
ഫാ. അജി പുതിയാപറമ്പിൽ