കോഴിക്കോട് : കാസർക്കോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട ജില്ല സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി സിപി നാസർ കോയ തങ്ങളും പ്രസ്താവിച്ചു. സാമുദായിക സ്പർധയുണ്ടാക്കി കലാപവും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുന്നഛിദ്രശക്തികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് തെറ്റായ സന്ദേശം നൽകും, പഴുതടച്ച പോലീസ് അന്വേഷണത്തിലും കുറ്റമറ്റ രീതിയിൽ കേസ്സ് നടത്തിയ പ്രോസിക്യൂഷൻ നടപടിയിലും ഇന്നേവരെ തെറ്റു ചൂണ്ടിക്കാണിക്കാത്തവർ വിധിയുടെ കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും നേതാക്കൾ പറഞ്ഞു.
വിധിയുടെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ വിഷയം കേവലം രാഷ്ട്രീയമല്ലെന്നും, മതനിരപേക്ഷ കേരളത്തിന്റെ ആശങ്കയാണെന്നും യുഡിഎഫ് തിരിച്ചറിയണം. കോടതി വിധി സർക്കാരിനെതിരെ വഴി തിരിച്ചുവിടാനും, തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുമുള്ള യുഡിഎഫ് നേതാക്കളുടെ ശ്രമങ്ങൾ അപക്വവും അസംബന്ധവുമാണ്. റിയാസ് മൗലവിയുടെ കുടുംബാംഗങ്ങൾക്കോ ആക്ഷൻ കൗൺസിലിനോ അന്വേഷണത്തെക്കുറിച്ച് നാളിതുവരെ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല എന്നിരിക്കെ, വിധി വന്നതിന് ശേഷം യുഡിഎഫ് നടത്തുന്ന അതിരുവിട്ട പ്രസ്താവനകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്, അത്തരം പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.