*കത്തോലിക്കാ സഭയിലെ കപ്യാരൻമാർ*
ഭാഗം 1
ഈ തൊഴിലാളി ദിനത്തിൽ ഞാൻ പ്രത്യേകമായി ഓർക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിലെ എട്ടായിരത്തോളം വരുന്ന കപ്യാരൻമാരെയാണ്.
ഓർക്കാൻ ഒരു കാരണവുമുണ്ട്.
സകല തൊഴിലാളികളുടെയും മധ്യസ്ഥനാണ് ക്രിസ്തുവിൻ്റെ പിതാവായ ജോസഫ്.
*കേരളത്തിലെ കത്തോലിക്കാ സഭയിൽ തന്നെ ഏകദേശം അയ്യായിരത്തോളം കപ്യാരൻമാരുണ്ട്.* കൃത്യമായ ഡാറ്റകൾ ഇക്കാര്യത്തിൽ ലഭ്യമല്ല.
കപ്യാർ എന്ന പദം
കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്തത് പോർച്ചുഗീസുകാരാണ്..
കപ്യാരിയൂസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കപ്യാർ എന്ന മലയാളം വാക്കിൻ്റെ ഉത്ഭവം. *ശുദ്ധതയുടെ സൂക്ഷിപ്പുകാരൻ* *നിക്ഷേപാലയങ്ങളുടെ സൂക്ഷിപ്പുകാരൻ* എന്നൊക്കെയാണ് ഈ പദത്തിൻ്റെ അർത്ഥം.
*പള്ളിയിൽ പട്ടക്കാരൻ കഴിഞ്ഞാൽ അടുത്ത പ്രധാനപ്പെട്ട ആൾ കപ്യാരാണ്. എങ്കിലും അവരർഹിക്കുന്ന ആദരവോ , ന്യായമായ വേതനമോ, രാജ്യത്തിൻ്റെ തൊഴിൽനിയമ പ്രകാരമുള്ള ആനുകൂല്യങ്ങളോ ഒന്നും ഒരിക്കലും അവർക്ക് ലഭിക്കാറില്ല.*
*എന്നാൽ അവഹേളനങ്ങൾ ; അത് കണക്കില്ലാതെ ലഭിക്കുകയും ചെയ്യും !!!*
കപ്യാർ എന്നു വിളിക്കപ്പെടാൻ പൊതുവേ അവർ ഇഷ്ടപ്പെടുന്നില്ല. ആ പേരിൽ തന്നെ ഒരു പരിഹാസം ഒളിച്ചു വെച്ചിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ദേവാലയ ശുശ്രുഷി എന്ന പേരാണ് പകരം ഉപയോഗിക്കുന്നത്.
പുതിയ തലമുറയ്ക്ക് ഈ ജോലിയോട് അത്ര താല്പര്യം പോര. ചാത്തങ്കരി സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ജാർഖണ്ഡുകാരൻ പ്രകാശ് കുണ്ടൽന വേണ്ടി വന്നു ദേവാലയ ശുശൂഷിയാകാൻ. പുരുഷൻമാർ മാത്രമല്ല സ്ത്രീകളും ഈ മേഖലയിലുണ്ട്. പഴയങ്ങാടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ത്രേസ്യാമ്മ എന്ന എഴുപതുകാരിയാണ് ഈ ജോലി ചെയ്യുന്നത്. *എഴുപത്തൊന്ന് വർഷം ദേവാലയ ശുശ്രുഷിയായിരുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കൽ തിരുഹൃദയ ദേവാലയത്തിലെ കുട്ടപ്പൻ ചേട്ടനാണ് ഈ രംഗത്ത് ഏറ്റവും നീണ്ട സർവ്വീസുള്ളയാൾ. (ലഭ്യമായ അറിവിൽ).*
*പള്ളിമണിയുടെ കയർ ഒരു ചങ്ങലയെന്നവണ്ണം കാലിൽ ചുറ്റിയാണ് ഇവർ ജീവിക്കുന്നത് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.* പുലർച്ചയും, മറ്റു നിയതമായ സമയങ്ങളിലും കൃത്യമായി പള്ളിമണിയടിക്കണം. തെറ്റിച്ചാൽ പള്ളിക്കാരുടെ നാവിൻ്റെ ചുടറിയും. പള്ളിയിലെ തിരുക്കർമ്മങ്ങൾ എല്ലാം തന്നെ സമയനിഷ്ഠയുള്ളതാണ്. അതുകൊണ്ട് വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഇവർ മാറ്റി വച്ചേ തീരൂ. ബന്ധുമിത്രങ്ങളുടെ പരിപാടികളിലൊന്നും സ്വസ്ഥമായി പങ്കെടുക്കാനാവില്ല.
പള്ളിക്ക് അവധി ഇല്ലാത്തതു കൊണ്ട് കപ്യാർക്കും അവധിയില്ല. മറ്റെല്ലാം തൊഴിലാളികൾക്കും ആഴ്ചയിൽ ഒരു ദിവസം അവധിയുണ്ട്.
*അവധി ഇല്ലാത്തതിൻ്റെ പേരിൽ ഓവർ ടൈം കൂലിയൊന്നും ഈ “നിക്ഷേപാലയങ്ങളുടെ സൂക്ഷിപ്പുകാർക്ക് ” എവിടെയും കൊടുത്തതായി കേട്ടുകേൾവി പോലുമില്ല.*
വൈദികന് അസുഖം വന്നാൽ മറ്റൊരു വൈദികനെ പകരക്കാരനാക്കാം. പക്ഷെ കപ്യാർക്ക് പകരക്കാരനെ കിട്ടാനും മാർഗമില്ല: എങ്കിലും അവർ ആ ജോലി ചെയ്തു കൊണ്ടേയിരിക്കും……
അതിനൊരു കാരണമുണ്ട് ….
(തുടരും…)
ഫാ. അജി പുതിയാപറമ്പിൽ
01.05.2024