KERALAlocaltop news

ചബഹാർ തുറമുഖ കരാർ; ഇന്ത്യയുടെ ബഹുമുഖ നേട്ടം

 

കെ. ജംഷാദ്

കോഴിക്കോട് :   ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ചബഹാര്‍ തുറമുഖ കരാര്‍ യു.എസിനെ ചൊടിപ്പിക്കുമെങ്കിലും ഇന്ത്യയ്ക്ക് തന്ത്രപ്രധാന നേട്ടങ്ങളാണ് ഉണ്ടാക്കുക. പശ്ചിമേഷ്യ വഴിയുള്ള ചരക്കുഗതാഗത്തിന് യു.എ.ഇയുമായി നേരത്തെ കരാര്‍ ഒപ്പുവച്ച ഇന്ത്യക്ക് ചബഹാര്‍ ഒരു ഇടത്താവളമാക്കാനാകും. ഗള്‍ഫ്, യൂറോപ് മേഖലകളുമായി വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കുന്നതു വഴി ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ചരക്കുഗതാഗതം സാധ്യമാകും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഈ പദ്ധതിയെ രാഷ്ട്രീയ കണ്ണോടെയാണ് യു.എസ് എതിര്‍ക്കുന്നത്. ആ എതിര്‍പ്പ് ഇന്ത്യ അവഗണിച്ചാല്‍ ഉപരോധ ഭീഷണി ഉയര്‍ത്തിയുള്ള പ്രസ്താവനയ്ക്കപ്പറം ഇന്ത്യയ്‌ക്കെതിരേ അമേരിക്കയും നീങ്ങുമെന്ന കരുതാനാകില്ല.

പശ്ചിമേഷ്യയുടെയും മധ്യേഷ്യയുടെയും വ്യാപാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് ചബഹാര്‍ തുറമുഖത്തിനുള്ളത്. ഈ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയാണ് ഇന്ത്യ 10 വര്‍ഷത്തേക്ക് കൂടി മെയ് 13 ന് കരാര്‍ ഒപ്പുവച്ചത്. ഈ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയ്ക്ക് പലരീതിയില്‍ അനുകൂലമാണ്. മുംബൈയില്‍ നിന്ന് ചബഹാര്‍ തുറമുഖത്തേക്ക് ഏറെ ദൂരമില്ല. പാകിസ്താനിലെ ഗാദാര്‍ തുറമുഖത്തു നിന്ന് ഇറാനിലെ ചബഹാര്‍ തുറമുഖത്തേക്ക് 140 കി.മി മാത്രമാണ് ദൂരമുള്ളത്.

അഫ്ഗാനിസ്ഥാനിലേക്ക് ചബഹാര്‍ തുറമുഖം വഴി ഇറാനിലൂടെ ചരക്ക് കടത്തിനും സാധ്യമാണ്. ഗുജറാത്തിലെ കണ്ടല തുറമുഖവും പാകിസ്താനിലെ ഗാദാറും ഇറാനിലെ ചബഹാര്‍, ബന്ദര്‍ അബ്ബാസ് തുറമുഖങ്ങളും ഈ മേഖലയിലെ പ്രധാന തുറമുഖങ്ങളാണ്.

ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇടനാഴി

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും ചരക്കു ഗതാഗതത്തിന് ഏറെ സഹായകമായ ഇടനാഴിയാണ് ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇടനാഴി (ഐ.എം.ഇ.സി). യു.എ.ഇയിലെ ഖലീഫ, ജബല്‍ അലി തുറമുഖങ്ങള്‍ ഈ ഇടനാഴിയില്‍ വരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഈ തുറമുഖങ്ങള്‍ വഴിയാണ് ഗള്‍ഫിലെത്തിക്കുന്നത്. മുംബൈ, ഗുജറാത്തിലെ കണ്ട്‌ല തുറമുഖങ്ങളില്‍ നിന്ന് ഇവിടേക്ക് ചരക്കെത്തിക്കുക എളുപ്പമാണ്. യൂറോപ്പിലേക്കും ഇതുവഴി ചരക്കുഗതാഗതം സാധ്യമാണ്. ഇറാനിലെ ചബഹാര്‍ ഈ ഇടനാഴിയില്‍ വരില്ലെങ്കിലും ഏറെ അടുത്താണ് യു.എ.ഇയിലെ തുറമുഖങ്ങളും ഇറാനിലെ തുറമുഖങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്ക് അറേബ്യന്‍ ഗള്‍ഫിന്റെ ഇരു കരകളിലെയും തുറമുഖങ്ങളുമായി ബന്ധപ്പെടാനാകും.

നേരത്തെ സൂചിപ്പിച്ചതുപോലെ ചൈന നിയന്ത്രിക്കുന്ന പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചബഹാര്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമാണ്. ഇന്ത്യയ്ക്കടുത്തുള്ള ശ്രീലങ്കയിലെ ഹമ്പന്‍തൊട്ട തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ചൈന ഏറ്റെടുത്തത് ഇന്ത്യയ്ക്ക് ഭീഷണിയെന്ന പോലെ പാകിസ്താനും തലവേദനയാകുന്നതാണ് ഇറാന്‍ തുഖമുഖത്തെ ഇന്ത്യന്‍ സാന്നിധ്യം. മേഖലയിലെ ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുന്നത് പാകിസ്താന് കണ്ണുകടിയാകുമെങ്കിലും ലോകരാജ്യങ്ങളുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള പാത കണ്ടെത്തുന്നത് ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകും.

ഇതില്‍ ചേര്‍ത്തു വായിക്കേണ്ടതാണ് ഇന്ത്യ പശ്ചിമേഷ്യയുമായി വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കുന്നുവെന്നത്. 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് ഇന്ത്യയും യു.എ.ഇയും തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട വാണിജ്യ ബന്ധവും കരാറുകളും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും എട്ടു കരാറുകളില്‍ ഒപ്പുവച്ചു. ഇതില്‍ പ്രധാനമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച ഐ.എം.ഇ.സി കരാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമാണ് കരാര്‍ ഒപ്പുവച്ചത്.

ചെലവു കുറച്ച് വാണിജ്യഗതാഗതത്തിന് പുതിയ റൂട്ടുകളിലെ യാത്രയെന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളെയും കരാറിന് പ്രേരിപ്പിച്ചത്. ലോകത്തെ പ്രധാന അരി കയറ്റുമതി രാജ്യമായ ഇന്ത്യയ്ക്ക് ലോക വിപണികളിലേക്ക് ഈ പാത വഴി എത്താനാകും. ഈ കരാറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ മന്ത്രാലയ പ്രതിനിധികള്‍ യു.എ.ഇ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. യു.എ.ഇയിലെത്തിയാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.

ഷിപ്പിങ്, പോര്‍ട് ആന്‍ഡ് വാട്ടര്‍വെയ്‌സ്, കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രാലയങ്ങളുമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കണ്ടല ദീന്‍ദയാല്‍ ഉപധ്യായ തുറമുഖം എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഇന്ത്യന്‍ സംഘം ഖലീഫ, ജബല്‍ അലി തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു. പോര്‍ട്ട് അതോറിറ്റിയുമായി വിശദമായ ചര്‍ച്ചയും നടത്തി. യു.എ.ഇ കസ്റ്റംസ് അതോറിറ്റിയുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യയെ കൂടാതെ അമേരിക്ക, യു.എ.ഇ, സഊദി അറേബ്യ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് ഐ.എം.ഇ.സി കരാറില്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഒപ്പുവച്ചത്. 2023 സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച എം.ഒ.യു ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറായാണ് ഈ കരാറിനെ അന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇന്ത്യ സാമ്പത്തിക രംഗത്ത് സൂപ്പര്‍ പവറായി മാറുമെന്നതിനൊപ്പം ഗള്‍ഫിലും വിലകുറഞ്ഞ് വസ്തുക്കള്‍ എത്തിക്കാനാകുമെന്നതും ഈ പാതയുടെ സവിശേഷതയാണ്.

ഷിപ് ടു റെയില്‍ ചരക്കുനീക്ക മാത്രമല്ല

ചരക്കു നീക്കത്തിന് ഷിപ്പ് ടു റെയില്‍ എന്ന രീതിയാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായി ലോകം കാണുന്നത്. കപ്പല്‍ വഴി എത്തിച്ച് തുറമുഖത്തു നിന്ന് ട്രെയിന്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗോഡൗണുകളിലെത്തിക്കുക. ഈ പദ്ധതിയില്‍ ഇത് സാധ്യമാണ്. ഈ പദ്ധതിയിലെ കിഴക്കന്‍ ഇടനാഴിയില്‍ ഇന്ത്യ മുതല്‍ അറേബ്യന്‍ ഗള്‍ഫ് വരെയും വടക്കന്‍ ഇടനാഴിയില്‍ അറേബ്യന്‍ ഗള്‍ഫിനും യൂറോപിനും ഇടയിലുള്ള ഭാഗവും ഉള്‍പ്പെടുന്നു. ഈ പാത വഴി വൈദ്യുതി കേബിളുകള്‍, ഹൈഡ്രജന്‍ പൈപ്പ്‌ലൈന്‍, ഹൈ സ്പീഡ് ഡാറ്റ കേബിള്‍ എന്നിവയും സ്ഥാപിക്കാനാകും.

ചബഹാര്‍ തുറമുഖത്തു നിന്നും ഇതുപോലെ റെയില്‍, റോഡ് ഗതാഗതം വഴി അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ചരക്കു നീക്കം സാധ്യമാണ്. ഈ പാത വഴി റഷ്യ വരെ എത്താനാകും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും റഷ്യയും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.

പടിഞ്ഞാറു നിന്നും മധ്യേഷ്യയില്‍ നിന്നും നിക്ഷേപങ്ങള്‍ എത്തിക്കാനുള്ള സുവര്‍ണ കവാടമാണ് ചബഹാറെന്നാണ് ഡല്‍ഹി ആസ്ഥാനമായ റിസര്‍ച് ഫൗണ്ടേഷനായ തിങ് താങ്കിന്റെ കബീര്‍ തേജ വിശേഷിപ്പിക്കുന്നത്.
അന്താരാഷ്ട്ര വടക്കു തെക്ക് വ്യാപാര ഇടനാഴി (ഐ.എന്‍.എസ്.ടി.സി) യുടെ പ്രധാന ഭാഗമാണ് ഈ മേഖല. അസര്‍ബൈജാനിലെ ബാകുവും ഇന്ത്യയിലെ മുംബൈയും തമ്മില്‍ ഇറാന്‍ വഴി ബന്ധമുണ്ടാക്കാനാകും.
2017 ഡിസംബറില്‍ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കപ്പല്‍ വഴി അഫ്ഗാനിസ്ഥാനിലെത്തിച്ചത് ചബഹാര്‍ തുറമുഖം വഴിയായിരുന്നു. പാകിസ്താന്‍ വഴിയുള്ള കരയിലൂടെയുള്ള പാത ഉപേക്ഷിച്ചായിരുന്നു ഇത്.

റഷ്യയ്ക്കും ഇറാനും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ അവര്‍ക്ക് ഈ പാതവഴി അതിജീവിക്കാനാകും. ഇന്ത്യയ്‌ക്കെതിരേയും ഉപരോധ ഭീഷണി അമേരിക്ക ഉന്നയിക്കുന്നത് ഇതു മുന്നില്‍ക്കണ്ടാണ്. 1974 ലും 1998 ലും ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശീതസമരത്തിന്റെ അവസാനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ബന്ധം ശക്തമായി. ചെറിയ വിഷയങ്ങളുടെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇനി യു.എസ് മടിക്കും. കാരണം യു.എസിന്റെ ശത്രുക്കളായ രാജ്യങ്ങളുമായും ഇന്ത്യ പുലര്‍ത്തുന്ന നല്ല ബന്ധം ഉപരോധത്തെ നിഷ്പ്രഭമാക്കുമെന്ന് യു.എസിനറിയാം.

ചബഹാര്‍ തുറമുഖത്ത് 500 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് 600 മീറ്റര്‍ നീളമുള്ള കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ് സൗകര്യവും ആഴക്കടല്‍ തുറമുഖ ട്രാന്‍സിസ്റ്റ് ഹബ്ബും നിര്‍മിക്കുന്നുണ്ട്. അതേസമയം, പാകിസ്താനില്‍ ചൈനയുടെ നടത്തിപ്പിലുള്ള ഗ്വാദര്‍ തുറമുഖത്ത് ചൈന 6000 കോടി ഡോളര്‍ നിക്ഷേപിച്ചാണ് വികസനം ത്വരിതപ്പെടുത്തുന്നത്. പാകിസ്താനിലും ചൈനയിലും വികസനത്തിന് വഴിതുറക്കുന്നതാണ് ഈ തുറമുഖം. ചൈനയ്ക്ക് പാകിസ്താന്‍ വഴി പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കടല്‍കവാടമാണ് ഗ്വാദാര്‍. ഇവിടെ നിന്ന് ചൈനയിലേക്ക് ചരക്കുനീക്കത്തിന് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയും ഇതിന്റെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close