കോഴിക്കോട് : കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാടകയ്ക്ക് നൽകുന്നയാളുടെ കടയുടെ മുന്നിലെത്തി പന്തിരങ്കാവ് എ.എസ്.ഐ അപമാനിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മൂന്നു വർഷം മുമ്പ് കെട്ടിട നിർമ്മാണ സാമഗ്രികൾ ഓട്ടോറിഷയിൽ ഒരാൾക്ക് കൊടുത്തുവിട്ടപ്പോൾ അയാൾ ഓട്ടോ കൂലി നൽകാത്തതാണ് വിവാദങ്ങൾക്ക് തുടക്കം. ഓട്ടോ കൂലി സൈറ്റിൽ നിന്നും നൽകുമെന്നായിരുന്നു വാഗ്ദാനം. കൂലി കിട്ടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ പരാതിക്കാരനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എ.എസ്.ഐ യായിരുന്ന ഹരിപ്രസാദ് പരാതിക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുക നൽകിയെങ്കിലും മൂന്നരമണിക്കൂർ സ്റ്റേഷനിൽ പിടിച്ചു നിർത്തിയെന്ന് പരാതിയിൽ പറയുന്നു. ഇതിനു ശേഷം എ.എസ്.ഐ തന്റെ കടയുടെ മുന്നിലെത്തി ജനങ്ങൾ നോക്കി നിൽക്കെ, എന്നെ നിനക്ക് മനസിലായില്ലേ എന്ന് ചോദിച്ച് അപമാനിക്കുന്നുവെന്നാണ് പരാതി. കൊമ്പേരി സ്വദേശി മനോജ് കുമാർ നൽകിയ പരാതിയിലാണ് നടപടി. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.