KERALAlocaltop news

രോഗ ബാധിതയായ വനിതയ്ക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിര നിയമനം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 16 വർഷമായി ജോലി ചെയ്യുന്ന ഗുരുതര രോഗ ബാധിതയും രണ്ടു പെൺകുട്ടികളുടെ അമ്മയുമായ വനിതയ്ക്ക് മാനുഷിക പരിഗണന നൽകി സ്ഥിരം നിയമനം നൽകാൻ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

സാംസ്കാരിക വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

 

കഴിഞ്ഞ 7 വർഷമായി രോഗ ബാധിതയാണെന്നും 3 ശസ്ത്രക്രിയകൾ കഴിഞ്ഞെന്നും 53 കാരിയായ നെല്ലിക്കോട് സ്വദേശിനി കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2007 ജൂലൈ 9 നാണ് പരാതിക്കാരി കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിൽ ചുമതലയേറ്റത്. 2014 ൽ നടത്തിയ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നൽകി. പരാതിക്കാരി നൂറിലേറെ വൈജ്ഞാനിക പുസ്തകങ്ങളുടെ എഡിറ്ററും അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമാണ്. പരാതിക്കാരി ഉൾപ്പെടെ സ്ഥാപനത്തിലെ 14 ജീവനക്കാർ സർക്കാരിലേക്ക് സ്ഥിരം നിയമനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സർക്കാർ നിരസിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരം നിയമനം നൽകാനുള്ള അധികാരം സർക്കാരിന് മാത്രമാണെന്നും സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മേൽ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയൊരു കാലയളവ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉന്നമനത്തിന് സേവനം നൽകിയ പരാതിക്കാരിക്ക് സേവന വിരാമത്തിന് ഏതാനും വർഷങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും പരാതിക്കാരിയുടെ സ്ഥിരം നിയമനം നിയമനാധികാരിയായ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവക്കില്ലെന്നും കമ്മീഷന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. പരാതിക്കാരിക്ക് സ്ഥിരം നിയമനം ലഭിച്ചാൽ രണ്ടു പെൺമക്കളടങ്ങിയ കുടുംബത്തിന് വലിയ താങ്ങാവുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close