EDUCATIONKERALAtop news

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല. പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികളെ പോലും നിയമിച്ചിട്ടില്ല. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ കാരണം.

അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്. പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടുമൂലം അധ്യാപകരുടെ സ്ഥലംമാറ്റം താറുമാറായതിനു പിന്നാലെയാണ് നിയമനത്തിലെ തടസവും വന്നിരിക്കുന്നത്.

മാത്തമറ്റിക്‌സ്, ഫിസിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിരമിക്കല്‍ ഒഴിവുകള്‍ അടക്കം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ വകുപ്പുകളും വിരമിക്കല്‍ അടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇവിടെയും നടപ്പിലായിട്ടില്ല. കൂടാതെ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഫയലുകളിലും തിരുമാനമായിട്ടില്ല.

മാര്‍ച്ച് 31-നകം ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് വിദ്യാഭ്യാസ വകുപ്പ് അന്ത്യശാസനം നല്‍കിയിരുന്നു. നാല് മാസം മുമ്പ് നിലവില്‍ വന്ന ഹയര്‍സെക്കന്‍ഡറി മാത്തമാറ്റിക്‌സ് ജൂനിയര്‍ തസ്തികയിലേക്ക് ഒറ്റ പുതിയ ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവധി കഴിയാറായ റാങ്ക് പട്ടികകളുടെ കാര്യത്തിലും സമാന സാഹചര്യമാണ്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close