കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ്പ്രതികരിച്ചു.
കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി അതിരൂപയില്‍ നിലപാട് കടുപ്പിക്കുകയാണ് വിമത പക്ഷം. ജൂലൈ മൂന്നിന് ശേഷവും ഏകീകൃത കുര്‍ബാന നടത്തില്ല. വൈദികരെ പുറത്താക്കിയാല്‍ സഭ പിളരുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ സംസാരിക്കവെ പറഞ്ഞു.
മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ സഭാ നേതൃത്വം ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അന്നത്തെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. വിമതര്‍ക്ക് തീവ്രവാദികളുമായും മറ്റ് സഭകളുമായും ബന്ധമുണ്ടെന്നാണ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അയച്ച കത്തില്‍ പറയുന്നത്. കത്തില്‍ പറയുന്ന പല കാര്യങ്ങളും ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
നാളെ ചേരുന്ന സിനഡില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് സര്‍ക്കുലര്‍. ഇക്കഴിഞ്ഞ ഞായറാഴ്ച ആകെയുള്ള 328 പള്ളികളില്‍ പത്തില്‍ താഴെ ഇടങ്ങളില്‍ മാത്രമാണ് സര്‍ക്കുലര്‍ വായിക്കാന്‍ കഴിഞ്ഞത്.