KERALAlocaltop news

കാട്ടാങ്ങലിലെ കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ പദ്ധതി യാഥാർത്ഥ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കാട്ടാങ്ങൽ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ജലവിതരണ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. കുടിവെള്ളം നിഷേധിക്കുക എന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ അടിയന്തര പരിഹാരം കാണാൻ ജല അതോറിറ്റി സത്വര നടപടികൾ സ്വീകരിക്കണം.കൊടുവള്ളി ജല അതോറിറ്റിയുടെ കീഴിലുള്ള കാട്ടാങ്ങൽ പ്രദേശത്ത് മൂന്നു മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.

 

50 വർഷം പഴക്കമുള്ള മണ്ണിലിടം പമ്പ് ഹൗസിൽ നിന്നാണ് ചാത്തമംഗലം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതെന്നും കാലപഴക്കമുള്ള എ.സി. പൈപ്പുകൾ നിരന്തരം പൊട്ടുന്നതു കാരണമാണ് ജല വിതരണം മുടങ്ങാറുള്ളതെന്നും കൊടുവള്ളി റൂറൽ വാട്ടർ സപ്ലൈ അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. ഇവ മാറ്റി സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ ഉയർന്ന ഓഫീസുകളിൽ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതു കാരണം നീരൊഴുക്ക് നിലച്ച മട്ടിലാണെന്നും കാട്ടാങ്ങൽ ഭാഗത്ത് 5 മണിക്കൂർ മാത്രമാണ് ജലവിതരണം ചെയ്യാൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

കാട്ടാങ്ങൽ ഭാഗത്ത് ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതി 2025 ൽ കമ്മീഷൻ ചെയ്യാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പൂർത്തിയായാൽ ജലവിതരണം കാര്യക്ഷമമാക്കാമെന്നും റിപ്പോർട്ടിലുണ്ട്. കാട്ടാങ്ങൽ സ്വദേശി. പ്രൊഫ. വർഗീസ് മാത്യൂ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close