Business
വിപണി എന്നുണരും? നിരാശ വേണ്ട, ക്ഷമയോടെ കാത്തിരിക്കൂ
കോവിഡ്19 മഹാമാരി ഓഹരി വിപണിയിലുണ്ടാക്കിയ പ്രതിസന്ധി എത്രകാലം കഴിഞ്ഞാലാണ് പരിഹരിക്കപ്പെടുക? ഈ മഹാമാരി അത്ര പെട്ടെന്നൊന്നും നിയന്ത്രണവിധേയമാകില്ലെന്ന നിഗമനം ഓഹരി കമ്പോളത്തെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വില്പന നടക്കുകയാണ്.
ഫണ്ടുകള്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്കും അമേരിക്കന്‍ ഡോളറിലേക്കും മാറ്റപ്പെടുകയാണ്. ഇത് ഓഹരി വില വര്‍ധിപ്പിക്കുന്നു ഒപ്പം തന്നെ കറന്സിനിരക്ക് കുറയാനും കാരണമാകുന്നു.
കൊറോണയെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ വ്യാപാരവും യാത്രകളും നിയന്ത്രിച്ചു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്. 2008 ലെ ലോക സാമ്പത്തിക മാന്ദ്യവുമായി ഇപ്പോഴത്തെ പ്രതിസന്ധിയെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.
ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവായിരുന്നു 2008 ലെ തകര്‍ച്ചക്ക് കാരണം. അന്ന് യു എസും കേന്ദ്ര ബാങ്കും സാമ്പത്തിക പാക്കേജുകളുമായി വിപണിയെ നിരന്തരം ഉണര്‍ത്താന്‍ ശ്രമിച്ചത് ഗുണം ചെയ്തു.
ഇപ്പോഴത്തെ പ്രശ്നം ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ലക്ഷക്കണക്കിനാളുകള്‍ മരിക്കുകയും ലക്ഷങ്ങളിലേക്ക് രോഗവ്യാപനം നടക്കുകയും ചെയ്യുന്നു. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങളിലൂടെ രണ്ട് മാസം കൊണ്ട് രോഗവ്യാപനതോത് കുറഞ്ഞിട്ടുണ്ട്. ഇറ്റലിയിലും ഇറാനിലും രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ട്. ചൈന, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ രോഗവ്യാപനം ഗണ്യമായ തോതില്‍ കുറഞ്ഞത് പ്രതീക്ഷ നല്കുന്നു.
ഭാവിയില്‍ വാക്സിന് കണ്ടെത്താനാവുമെന്ന പ്രത്യാശയിലാണ്ലോകം. പ്രകൃതി ദുരന്തമുണ്ടായി അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചു പോകുന്നത് പോലെയുള്ള നഷ്ടങ്ങള്‍ വിപണിക്കില്ല. അടച്ചിടല്‍ കൊണ്ടുള്ള ഉത്പാദന മാന്ദ്യവും പണത്തിന്റെ ക്രയവിക്രയം ഇല്ലാതായതുമാണ് വിപണിയെ ശ്വാസം മുട്ടിക്കുന്നത്. ഭാവിയില്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ വഴി മെച്ചപ്പെട്ട ഉത്ദാപന-കയറ്റുമതി-വിപണി ശൃംഖലകള്‍ സാധ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിന് ക്ഷമയും അതിജീവനത്തിനുള്ള മാനസികാവസ്ഥയും മനുഷ്യര്‍ കാണിക്കണമെന്ന് മാത്രം.