Politics

കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍

കണ്ണൂര്‍: എത്ര നിര്‍വീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടന്‍ ബോംബുകള്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആണയിടുമ്പോഴും ബോംബ് നിര്‍മാണത്തിന്റെ കണക്കുകള്‍ നല്‍കുന്നത് മറ്റൊരു ചിത്രം. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 252-ലധികം ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളിലെ ബോംബ് സ്‌ക്വാഡിനെ കണ്ണൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചു.

മൂന്നുവര്‍ഷത്തിനിടെ എട്ടിടത്താണ് ജില്ലയില്‍ സ്ഫോടനമുണ്ടായത്. പാനൂര്‍ സ്‌ഫോടനം ഉള്‍പ്പെടെ നാടന്‍ബോംബ് നിര്‍മാണത്തിനിടെ 1998-നുശേഷം മരിച്ചത് 10 പേരാണ്. അതില്‍ ആറുപേര്‍ സി.പി.എം. പ്രവര്‍ത്തകരും നാലുപേര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമാണ്. പാനൂര്‍, കൊളവല്ലൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ബോംബുകള്‍ കണ്ടെത്തിയത്.

പൊട്ടിയാല്‍ കേസ് സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിന്

ബോംബ് ഇത്തരത്തില്‍ പൊട്ടി പരിക്കേറ്റാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് മൂന്ന്, നാല് പ്രകാരം സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്ത് ജീവനും വസ്തുവകകള്‍ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. മരിച്ചാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് നാല്, അഞ്ച് പ്രകാരവും. അസ്വാഭാവിക മരണവും രജിസ്റ്റര്‍ ചെയ്യും.

പ്രതികളെ കണ്ടെത്തല്‍ എളുപ്പമല്ല

ഇത്തരം സ്‌ഫോടന കേസുകളില്‍ കാര്യമായ അന്വേഷണം നടത്താറുണ്ട്. പക്ഷെ പ്രതികളെ കണ്ടെത്തല്‍ എളുപ്പമല്ല. ആളൊഴിഞ്ഞ പറമ്പിലും മറ്റുമാണ് ബോംബ് സൂക്ഷിക്കുന്നത്. എരഞ്ഞോളി സ്‌ഫോടനത്തിലും പോലീസ് ആഴത്തിലുള്ള അന്വേഷണം നടത്തും. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക നീക്കമുണ്ടാവും.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close