ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതല്‍ വീഴ്ചകള്‍ പുറത്ത്. പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജന്‍സിയുടെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്റ്റോര്‍ റൂമില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളില്‍ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളില്‍ സ്‌ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദര്‍ശനം നടത്തിയ ഏജന്‍സി ജൂണ്‍ 16-നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയം ഉന്നതതല സമിതി പരിശോധിക്കുമെന്നും എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏത് ഉന്നതരായാലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങള്‍ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പര്‍ ടെല?ഗ്രാമില്‍ വന്നതായി വിവരം കിട്ടി. ബിഹാര്‍ സര്‍ക്കാര്‍ ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.
പുനര്‍ മൂല്യനിര്‍ണയമോ പുനഃപരീക്ഷയോ നടത്തണം എന്നുള്ളതായിരുന്നു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. 2023-ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്ക് വാങ്ങിയവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി. പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല.