HealthINDIAtop news

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍; പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാവശ്യം

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

ദുരന്തം നടുക്കിയ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കള്ളാക്കുറിച്ചിക്കാര്‍ പറഞ്ഞു. പുതിയ സിസിടിവി സ്ഥാപിക്കുന്നതിനൊപ്പം മേഖലയില്‍ മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ചാരായ ഷാപ്പ് പ്രവര്‍ത്തിച്ചിരുന്ന കരുണാപുരം കോളനിയെയാണ് ദുരന്തം നടുക്കിയത്. 26 ലധികം കുടുംബങ്ങള്‍ അനാഥരായി. വിഷ മദ്യ ദുരന്തത്തില്‍ ഇതുവരെയും 50 പേരാണ് മരിച്ചത്. 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ കരുണാപുരത്തിന് പുറമെ മധുര്‍, വീരച്ചോലപുരം ഉള്‍പ്പെടെയുള്ള അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍പോലും ഇവരില്‍ നിന്നാണ് മദ്യംവാങ്ങിച്ചിരുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ടാസ്മാക്കില്‍ 150 രൂപ വിലയുള്ള മദ്യം ഇവരുടെ ഷാപ്പില്‍ 40 രൂപയ്ക്കും 30 രൂപയ്ക്കുമെല്ലാം ലഭിക്കും.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളാക്കുറിച്ചിയിലെ കോടതിയും പൊലീസ് സ്റ്റേഷനും മതില്‍പങ്കിടുന്നത് കരുണാപുരം കോളനിയുമായാണ്. പലകുറി അറിയിച്ചിട്ടും വ്യാജ മദ്യ വില്‍പ്പന ശാലയ്ക്ക് നേരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close