ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഒത്തുകളി ആരോപണവുമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന്. ബാബറിന്റെ കൈവശമുള്ള എട്ട് കോടിയുടെ ഔഡി ഇ ട്രണ്‍ ജി ടി കാര്‍ വാതുവയ്പിനുള്ള പ്രതിഫലമായി ലഭിച്ചതാണോയെന്ന് തനിക്ക് സംശയമുണ്ടെന്നാണ് പാക് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ മുബഷിര്‍ ലുഖ്മാന്റെ ആരോപണം.
ബാബര്‍ അസമിന് ആഡംബര കാര്‍ കിട്ടിയതിനെപ്പറ്റി അന്വേഷിക്കണമെന്നും മാദ്ധ്യമപ്രവര്ത്തകന് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണവുമായി ബാബര്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന് സമ്മാനമായി തന്ന കാറാണിതെന്നാണ് പാക് നായകന്റെ വിശദീകരണം.
ഇത്രയും വിലപിടിപ്പുള്ള കാര്‍ സമ്മാനമായി നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ബാബറിന്റെ സഹോദരനില്ലെന്ന് ലുഖ്മാന് പ്രതികരിച്ചു. ‘അടുത്തിടെ ബാബറിന് ഒരു ഔഡി കാര്‍ ലഭിച്ചിട്ടുണ്ട്. തന്റെ സഹോദരന്റെ സമ്മാനമാണിതെന്നാണ് ബാബര്‍ പറയുന്നത്. എട്ട് കോടിയോളം വിലയുള്ള കാര്‍ സമ്മാനമായി നല്കാന് മാത്രം എന്താണ് ബാബറിന്റെ സഹോദരന് ചെയ്യുന്നത്. ഇക്കാര്യത്തെപ്പറ്റി ഞാന്‍ അന്വേഷിച്ചിരുന്നു. അയാള്‍ക്ക് അത്ര വലിയ സാമ്പത്തിക സ്ഥിതി ഇല്ലെന്നാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത്. ‘- എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
എക്സിലൂടെയാണ് മാദ്ധ്യമപ്രവര്ത്തകന് രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സമാന അഭിപ്രായം രേഖപ്പെടുത്തിയത്. ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ അത്രത്തോളം നാണം കെട്ടാണ് പാകിസ്ഥാന് പുറത്തായത്.