INDIATechnologytop news
ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ട്രെയിന്‍, ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തക്കും രാജഷാഹിക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്. ചിറ്റഗോങ്ങിനും കൊല്‍ക്കത്തക്കും ഇടിയിലാണ് ബസ് സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് തുടങ്ങും. ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും അടുത്ത മാസം ആരംഭിക്കും. സിരാഗഞ്ചില് കണ്ടെയ്നര്‍ ഡിപ്പോ നിര്‍മിക്കാന്‍ ബംഗ്ലാദേശിന് ഇന്ത്യ സഹായം നല്‍കാനും കഴിഞ്ഞ ദിവസം നടന്ന ഇരു രാഷ്ട്രനേതാക്കളുടെയും യോഗത്തില്‍ ധാരണയായിട്ടുണ്ട്. രംഗ്പൂരില് പുതിയ ഹൈകമീഷന് ഓഫീസ് തുറക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്നാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മില്‍ 10 കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍, മാരിടൈം, റെയില്‍വേ, ബഹിരാകാശം, ഗ്രീന്‍ ടെക്നോളജി, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറുകള്‍. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെത്തുന്ന ആദ്യത്തെ രാഷ്ട്രനേതാവാണ് ശൈഖ് ഹസീന.
വെള്ളിയാഴ്ചയാണ് ഹസീന ഇന്ത്യയിലെത്തിയത്. പിന്നീട് ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും ശൈഖ് ഹസീന പങ്കെടുത്തിരുന്നു.