കോഴിക്കോട് : മതിയായ യോഗ്യതയില്ലാത്ത ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
നാദാപുരത്തെ ന്യൂക്ലിയസ് ക്ളിനിക്ക് എന്ന സ്വകാര്യാശുപത്രിയിലെ ചികിത്സാപിഴവ് കാരണം തേജ് ദേവ് എന്ന കുട്ടി മരിച്ച സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ജീവനക്കാരും വിദ്യാർത്ഥികളും സമർപ്പിച്ച പരാതിയിലാണ് നടപടി.കോഴിക്കോട് ഡി.എം.ഒ യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ നാദാപുരം പോലീസ് 98/2022 നമ്പറായി കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടെന്ന് ഡി.എം.ഒ നിയോഗിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുമുണ്ട്.
വിഷയത്തിൽ പോലീസ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുണ്ട്. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലും കേസ് നടക്കുന്നു. ചികിത്സാ പിഴവ് ഡി.എം.ഒ സ്ഥിരീകരിച്ച കാര്യം കമ്മീഷൻ എടുത്തു പറഞ്ഞു. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.