തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നു. ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെയും ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്സ്-കൊമേഴ്സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും ഓരോ കോളജുകള്‍ക്കും വര്‍ധിപ്പിക്കാം.
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന നിര്‍ദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. കൊവിഡ് സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ കോളജുകളിലേക്ക് കേരള വിദ്യാര്‍ഥികള്‍ പോകാനുള്ള സാഹചര്യം അടഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ കോളജുകളില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് സീറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.