KERALAlocaltop news

സ്വകാര്യ വ്യക്തികൾക്ക് അവകാശപ്പെട്ട കിണർ റിസോർട്ടുടമ നീന്തൽ കുളമാക്കാൻ ശ്രമിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

വൈത്തിരി (വയനാട് ): സ്വകാര്യ വ്യക്തികൾക്ക് ആധാര പ്രകാരം അവകാശപ്പെട്ട കിണർ നിയമ വിരുദ്ധമായി റിസോർട്ടിന്റെ സ്വിമ്മിംഗ് പൂളാക്കി മാറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

 

വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

 

വൈത്തിരി ഗ്രാമപഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ പൊതു ആവശ്യത്തിന് നിലനിർത്തിയ കിണർ തരംമാറ്റി നീന്തൽ കുളമാക്കി മാറ്റിയെന്ന് കണ്ടെത്തിയതായി പരാതിക്കാർ കമ്മീഷനെ അറിയിച്ചു. പ്രവാസി വ്യവസായി കോഴിക്കോട് കുന്ദമംഗലം സ്വദേശി ആർ. കെ. റഫീഖിനെതിരെയാണ് പരാതി. കുളത്തിൽ നിന്നും വെള്ളമെടുക്കുന്നത് എതിർകക്ഷി തടസപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. മാവേലിക്കര സ്വദേശി ഡോളി മാത്യൂസാണ് പരാതിക്കാർക്കും പ്രവാസി വ്യവസയിക്കും കിണറടങ്ങിയ ഭൂമി വിറ്റ് വഞ്ചന നടത്തിയതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരുടെ ആധാരത്തിൽ കിണറിന്റെ അവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രവാസി വ്യവസായി കിണർ സ്വന്തമാക്കുകയാണെന്നാണ് പരാതി. കൽപ്പറ്റ ഡി.വൈ.എസ്.പി യുടെ നിർദ്ദേശാനുസരണം നീന്തൽകുളത്തിന്റെ തുടർനിർമ്മാണം വൈത്തിരി പോലീസ് തടഞ്ഞതായി പരാതിയിൽ പറയുന്നു. വൈത്തിരി ചാരിറ്റി മേഖലയിലാണ് സംഭവം.

പരാതിക്കാരുടെ ആധാരത്തിൽ കിണറിൻ്റെ അവകാശം വ്യക്തമായി രേഖപ്പെടുത്തിയതായി റവന്യു അധികൃതർ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.. മാനന്തവാടി റവന്യു ഡിവിഷനൽ ഓഫീസറുടെ നിർദ്ദേശപ്രകാരം കുന്നത്തിടവക വില്ലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ പറയുന്ന സ്വാഭാവിക ജലസ്രോതസിൻമേൽ പരാതിക്കാർക്കടക്കം അവകാശമുള്ളതായി കണ്ടെത്തിയത്. ഡോളി മാത്യൂസിൻ്റെ ഉടമസ്ഥതയിൽപ്പെട്ട ചാരിറ്റിയിലെ മൂന്നേക്കറിലധികം ഭൂമി 2016ൽ തുണ്ടമായി മുറിച്ച് ഇടനിലക്കാർ മുഖേന വിൽപ്പന നടത്തിയിരുന്നു. നിരവധി പേർ ആറര സെൻ്റ്, എട്ട് സെൻ്റ്, പത്ത് സെൻ്റ്, പതിനഞ്ച് സെൻ്റ് വീതം ഭൂമി വാങ്ങി. ഒരു റിട്ട. അധ്യാപികയും മറ്റൊരാളും ചേർന്നാണ് സ്വാഭാവിക ജലസ്രോതസിനടുത്ത ഭൂമി ആദ്യം രജിസ്റ്റർ ചെയ്ത് വാങ്ങിയത്. തൊട്ടടുത്ത വനമേഖലയിൽ ( പ്ലാൻ്റേഷൻ ഭൂമി ) നിന്നൊഴുകി വരുന്ന സ്വാഭാവിക ജലസ്രോതസ് കാണിച്ച് അതിൽ നിന്ന് എല്ലാവർക്കും വെള്ളം ഉപയോഗിക്കാം എന്ന് കരാറെഴുതിയായിരുന്നു കച്ചവടം. സ്വാഭാവിക ജലസ്രോതസ് ഒഴുകി രൂപപ്പെട്ടിടത്ത് മുൻപ് സോയിൽ സർവെ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള ആവശ്യത്തിനായി നിർമിച്ചതാണ് കിണർ . ഡോളി മാത്യൂസ് രജിസ്റ്റർ ചെയ്ത് നൽകിയ എല്ലാ ആധാരത്തിലും – ” പട്ടികയിലെവസ്തുവിൻ മേൽ ഞാൻ പൊതുവായി നിർത്തിയ കിണറിൽ നിന്നും യഥേഷ്ടം വെള്ളം ഉപയോഗിക്കുന്നതിനും വാങ്ങുന്ന പട്ടിക വസ്തുവിലേക്ക് വാട്ടർ കണക്ഷനു വേണ്ടി പൈപ്പ്ലൈൻ വലിക്കുന്നതിനും ഉള്ള അവകാശമടക്കം “- വില കൈപ്പറ്റുന്നതായി വൈത്തിരി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ കൃത്യമായി എഴുതിയിട്ടുണ്ട് . ആധാരത്തോടൊപ്പമുള്ള സർവ്വെ സ്കെച്ചിലും പൊതുകിണർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പലരും സ്ഥലം വാങ്ങിയതിന് ശേഷമാണ് എൻ.കെ. റഫീഖ് പൊതുകിണറടക്കമുള്ള നാല്പത് സെൻ്റോളം ഭൂമി വാങ്ങുന്നത്. കച്ചവടം നടന്നതറിഞ്ഞ മറ്റുള്ളവർ സ്ഥലം ഉടമയോടും റഫീഖിനോടും പൊതുകിണറിൻ്റെ കാര്യം വ്യക്തമായി പറഞ്ഞതായി പരാതിക്കാർ പറയുന്നു. കുഴപ്പമില്ല, യഥേഷ്ടം വെള്ളം എടുത്തോളൂ എന്നായിരുന്നതെ മറുപടി. ഇതനുസരിച്ച് തൊട്ട അയൽവാസിയായ റിട്ട. അധ്യാപികയടക്കം പേർ ഇതേ പൊതുകിണറിലെ വെള്ളം ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. രണ്ട് വർഷത്തിനു ശേഷം കിണർ വിസ്തൃതി കൂട്ടാനെന്ന പേരിൽ ഇവരുടെ മോട്ടോർ നീക്കം ചെയ്യിക്കുകയും, നിർമാണം പൂർത്തിയായാലുടൻ മോട്ടോർ തിരികെ സ്ഥാപിക്കാമെന്ന വ്യവസ്ഥയിൽ കിണറിൻ്റെ വിസ്തൃതി കൂട്ടൽ നിർമാണം തുടങ്ങുകയും ചെയ്തു. ഇതേ തുടർന്ന് ഇടനിലക്കാരൻ്റെ ഉടമസ്ഥതയിൽ ‘ 300 മീറ്റർ അകലെയുള്ള മറ്റൊരു സർവ്വെ നമ്പറിലെ അധികം വെള്ളമില്ലാത്ത കിണറിൽ നിന്ന് തത്ക്കാലത്തേക്ക് വെള്ളം ലഭ്യമാക്കി. കിണർ വിസ്തൃതി കൂട്ടുന്ന പ്രവർത്തി നീളുന്നതിനിടെ റഫീഖ് ഇതിനോട് ചേർന്ന് മറ്റൊരു കിണർ നിർമ്മിക്കുകയും, പരാതിക്കാർക്ക് വർഷങ്ങളോളം അതിൽ നിന്ന് വെള്ളം നൽകുകയും ചെയ്തു. പിന്നീട് തന്ത്രപരമായി ആ മോട്ടോറും നീക്കം ചെയ്യിച്ചു എന്നും ഡോളി മാത്യൂസിൽ നിന്ന് ഭൂമി മുറിച്ചുവാങ്ങിയ മുഴുവൻ പേർക്കും അവകാശപ്പെട്ട സ്വാഭാവിക ജലസ്രോതസ് സ്വിമ്മിംഗ് പൂളാക്കാനുള്ള റഫീഖിൻ്റെ നീക്കം തടഞ്ഞ്, കിണറിലെ നിയമാനുസൃത അവകാശം സ്ഥാപിച്ച് കിട്ടണമെന്നും പരാതിക്കാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വൈത്തിരി ചാരിറ്റി മേഖലയിൽ വൻതോതിൽ കുടിവെള്ളക്ഷാമം നിലവിലുണ്ട്. വനമേഖലയിൽ നിന്ന് ഒഴുകി വരുന്ന ഈ വൻസ്വാഭാവിക ജലസ്രോതസ് നീർച്ചാലായി  മുൻപ് താഴേക്ക്ഒഴുകിയതാണ്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close