തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു.
ഒളിവിലുള്ള രണ്ടാം പ്രത്രി സുനിലിനെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷണം തുടരുകയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയത് സുനിലാണ്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടൊ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.
കൊലപാതകം ക്വട്ടേഷനെന്ന് ഇന്നലെയാണ് മുഖ്യപ്രതി അമ്പിളി സമ്മതിച്ചത്. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അമ്പിളിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.