തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് വനിതാ കോളേജില്‍ വെച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂന്നാം വര്‍ഷം ഡിഗ്രി കോഴ്‌സ് അവസാനിപ്പിക്കാനുള്ള ഒപ്ഷന്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളിലുമുണ്ട്. ഒന്നെങ്കില്‍ മൂന്നാം വര്‍ഷം ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്സിലേക്കോ ജോലിയിലേക്കോ കടക്കാം, അല്ലെങ്കില്‍ നാലാം വര്‍ഷവും കോഴ്‌സ് തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാം.
ഗവേഷണത്തിന് താത്പര്യമുള്ളവര്‍ക്ക്, ഓണേഴ്‌സ് വിത്ത് റിസേര്‍ച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് സ്വയം കോഴ്‌സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.