ന്യൂഡല്‍ഹി: നീറ്റ് വിഷയത്തില്‍ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിര്‍ത്തലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എഐഎസ്എഫ്, പിഎസ്യു, എഐഎസ്ബി, എന്എസ്യുഐ, എഐഎസ്എ എന്നീ വിദ്യാര്‍ഥി സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
എന്‍ടിഎക്കെതിരായ എതിരായ പ്രതിഷേധം ഏറ്റെടുക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമിതി രൂപീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നീറ്റുമായി ബന്ധപ്പെട്ട അഴിമതികളും നെറ്റ് ഉള്‍പ്പെടെയുള്ള ദേശീയതല പരീക്ഷകള്‍ നടത്തുന്നതില്‍ യുജിസിയുടെ വീഴ്ചയും എന്‍ടിഎയുടെ കഴിവുകേടും തുറന്നുകാട്ടപ്പെട്ടുവെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതൃത്വം പറഞ്ഞു. നീതി ആവശ്യപ്പെട്ടും എന്‍ടിഎ റദ്ദാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണെന്നും അവര്‍ പറഞ്ഞു.