കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ ഡി പ്രതാപന് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ് പ്രതാപനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷമാണ് നടപടി.
വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അന്വേഷണവുമായ പ്രതാപന് സഹകരിക്കുന്നില്ലെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഹൈറിച്ച് കേസെന്ന് ഇ.ഡി അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗ്രോസറി ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. 1.63 കോടി ഇടപാടുകാരുടെ ഐ ഡി കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഒരു ഇടപാടുകാരന്റെ പേരില്‍ തന്നെ അന്‍പതോളം ഐ ഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1500 കോടി രൂപ ഇടപാടുകാരില്‍ നിന്നു വാങ്ങിയെടുത്തുവെന്നാണ് ഇ ഡി കണ്ടെത്തിയത്.