top news

ഇന്ത്യയിലാദ്യം, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടി വീട്ടിലേക്കു മടങ്ങി; ‘രോഗനിര്‍ണയം ഗുണകരമായി’

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. പൂര്‍ണ ആരോഗ്യവാനായാണ് കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയുടെ വീട്ടിലേക്കുള്ള മടക്കം. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി
നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍നിന്ന് കുട്ടിയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും.

നെഗ്ളീരിയ ഫൗളറി പി.സി.ആര്‍. പോസിറ്റീവ് ആയ കേസുകളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. രോഗലക്ഷണങ്ങള്‍ കണ്ട ആദ്യദിനംതന്നെ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന സാധ്യത കണ്ട് ചികിത്സ തുടങ്ങിയതാണ് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ മേധാവി ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് ഇടപെട്ട് ജര്‍മനിയില്‍നിന്ന് മില്‍ട്ടി ഫോസിന്‍ എന്ന മരുന്നും എത്തിച്ചിരുന്നു.

2024 ല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ 9 പേരാണ് ഈ രോഗത്തില്‍നിന്നു മുക്തി നേടിയിട്ടുള്ളത്. അപൂര്‍വരോഗം പിടിപെട്ട കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന അത്യപൂര്‍വ നേട്ടം കൈവരിച്ചതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

തിക്കോടിയിലെ കുളത്തില്‍ കുളിച്ച ഈ കുട്ടിക്ക് അപസ്മാരലക്ഷണത്തെ തുടര്‍ന്ന് വടകര ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. അമീബിക് മസ്തിഷ്‌കജ്വര ലക്ഷണമെന്ന സംശയത്തില്‍ ഡോക്ടര്‍മാര്‍ ഉയര്‍ന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നേരത്തെ തന്നെ രോഗം നിര്‍ണയിക്കാന്‍ കഴിഞ്ഞതും ലഭ്യമായ ചികിത്സകള്‍ നല്‍കാന്‍ സാധിച്ചതുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായകമായത്. ഡോ. അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ ഡോ. ഫെബിന റഹ്‌മാന്‍, ഡോ. ഉമ്മര്‍ ഡോ. സുദര്‍ശന, ഡോ പൂര്‍ണിമ, ഡോ. ഷാജി തോമസ് ജോണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close