top news
കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജി
ഷിംല: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹിമാചല്‍ കോടതിയില്‍ ഹരജി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍നിന്നാണ് കങ്കണ തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി നാമനിര്‍ദേശപത്രിക തള്ളിയ ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി കങ്കണ റണാവത്തിന് നോട്ടീസ് അയച്ചു.
തന്റെ നാമനിര്‍ദേശപത്രിക തള്ളിയ വരണാധികാരിയുടെ നടപടി തെറ്റാണെന്നാണ് നേഗിയുടെ വാദം. മുന്‍ സര്‍ക്കാര്‍ ജീവനക്കാരനും കിന്നൗര്‍ സ്വദേശിയുമായ നേഗി താന്‍ സര്‍വീസില്‍നിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പില്‍നിന്ന് കുടിശ്ശികയില്ല എന്ന സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാല്‍ വൈദ്യുതി, വെള്ളം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്നുള്ള കുടിശ്ശികയില്ല സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മെയ് 14നാണ് നേഗി സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. റിട്ടേണിങ് ഓഫീസര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചത് 15നായിരുന്നു. ഇത് സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചില്ലെന്നും പത്രിക തള്ളിയെന്നുമാണ് പരാതി. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടിനാണ് കങ്കണ പരാജയപ്പെടുത്തിയത്.