ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ തുടച്ചുനീക്കിയ മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍ കഠിനാധ്വാനം ചെയ്ത് പൂര്‍ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തി വിട്ടു.
രക്ഷാപ്രവര്‍ത്തനത്തിലും തിരച്ചിലിലും വലിയ ആശ്വാസമായാണ് പാലം തുറന്നിരിക്കുന്നത്. ദുരന്തത്തിന്റെ തുടച്ചു നീക്കപ്പെട്ട മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നതിന് വേഗമേറ്റാന്‍ ബെയ്ലി പാലം ഏറെ സഹായകരമാകും. കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. ഒരേ സമയം 24 ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി പാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈയിലെത്തിക്കാനാകും.