കോഴിക്കോട് : വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകാമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് . ഇന്ന് ഉച്ചക്ക് ശേഷം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ അനുരാധ തായാട്ടും, രമ്യ ഹരിദാസും അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയർ’. തെരുവ് നായ്ക്കളെ കൊല്ലരുത് എന്ന കേന്ദ്ര നിയമം കേരളത്തെ സംബന്ധിച്ച് പുന:പരിശോധിക്കാൻ തയാറാവണം. നായ്ക്കളെ കൊല്ലണമെന്ന് പറയുകയല്ല, പക്ഷേ അവ അക്രമകാരികളായൽ ജനങ്ങളുടെ ജീവന് ഭീഷണി ആയാൽ എന്തു ചെയ്യും. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുശാസിക്കുന്നുണ്ടല്ലോ -മേയർ ചൂണ്ടിക്കാട്ടി. മറ്റ് നഗരങ്ങളിൽ ജനങ്ങളും നായ്ക്കളും സഹവർത്തത്തിലാണ് കഴിയുന്നത്. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ അത് പ്രയോഗികമല്ല. തെരുവ്നായ നിയന്ത്രണത്തിനായി നഗരസഭ 2019 മാർച്ച് ഒന്നിന് പൂളക്കടവിൽ എ ബി സി ( അനിമൽ ബർത്ത് കൺടോൾ) ആശുപതി സ്ഥാപിച്ചു. അന്നത്തെ സർവ്വെ അനുസരിച്ച് 13 182 തെരുവ് നായക്കളാണ് ഉണ്ടായിരുന്നത്. ഇതിനകം 12748 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. ഇങ്ങനത്തെ നായ്ക്കളെ, ശസ്ത്രക്രിയ്ക്ക് ശേഷം അതാത് സ്ഥലത്ത് വിടുകയാണ് രീതി. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളുടെ എണ്ണം കുറയേണ്ടതാണെങ്കിലും നിലവിൽ 25000 വരെ തെരുവ്നായ്ക്കൾ ഈ നഗരത്തിലുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലും സമീപജില്ലകളിൽ നിന്നും നായകടിയേറ്റ 357 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ എബിസി ആശുപത്രി ഉണ്ടല്ലോ എന്ന ധാരണയിൽ അടുത്ത പഞ്ചായത്തുകളിൽ നിന്നടക്കം നായ്ക്കളെ ഇവിടെ കൊണ്ടുവന്നു വിടുന്നുണ്ടോ എന്ന് സംശയിക്കത്തക്ക അവസ്ഥയിലാണ് വന്ധ്യംകരണത്തിന് ശേഷവും നായ്ക്കളുടെ എണ്ണത്തിലുണ്ടായ വൻ വർധനവെന്നും മേയർ പറഞ്ഞു. തെരുവുനായ ശല്യം സംബന്ധിച്ച് ഒട്ടുമിക്ക കൗൺസിലർമാരും യോഗത്തിൽ പരാതി ഉന്നയിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ്, കൗൺസിലർമാരായ ‘ടി. റെനീഷ് , രമ്യ ഹരിദാസ്, അനുരാധ തായാട്ട് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz