
രാജ്ഭവൻ ( ഗോവ ) : ഇന്ത്യൻ ആയുർവേദത്തിൻ്റെ പിതാവായ ആചാര്യ ചരകൻ്റെയും സർജറിയുടെ പിതാവായ ആചാര്യ ശുശ്രുതൻ്റെയും ലോഹപ്രതിമകൾ ഗോവ രാജ്ഭവന് മുന്നിലെ വാമന വൃക്ഷ കലാ ഉദ്യാനത്തിൽ സ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ഭൂമി പൂജയ്ക്ക് ശേഷം നിർമ്മാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്താണ് നിർവ്വഹിച്ചത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനും കോളമിസ്റ്റുമായ ബൽബീർ പുഞ്ച് സംസാരിച്ചു.
രാജ്ഭവൻ്റെ ചരിത്രനേട്ടം
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വാമന വൃക്ഷകല (ബോൺസായ് ഗാർഡൻ )യിലെ ഏറ്റവും വലിയ ഉദ്യാനം ഒരു രാജ്ഭവന് മുന്നിൽ സ്ഥാപിതമാവുന്നത്. ഋഷീശ്വരന്മാരായ ചരകൻ്റെയും ശുശ്രുതൻ്റെയും പ്രതിമകൾ സ്ഥാപിക്കപ്പെടുന്നതും 1626 സർജറികൾ നടന്നതിൻ്റെ ആശയ ചിത്രങ്ങളും അതിന് ഉപയോഗിച്ച ഉപകരണങ്ങളും രാജ്ഭവൻ വാമനവൃക്ഷ കലാ ഉദ്യാനത്തിൽ ഒരുക്കുന്നുണ്ട്.
ലോകം ശുശ്രുതനേയും ചരകനെയുമൊക്കെ നെഞ്ചിലേറ്റുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പൈതൃകം അരക്കിട്ടുറപ്പിക്കാൻ ഈ ഉദ്യമം സഹായകമാണെന്ന് ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സർജറി സ്ഥാപനങ്ങളിലൊന്നായ മെൽബണിലെ റോയൽ ആസ്ട്രേലിയൻ കോളജ് ഓഫ് സർജൻസിൽ ലോക സർജറിയുടെ പിതാവ് എന്ന തലക്കെട്ടിൽ ആചാര്യ ശുശ്രുതൻ്റെ പ്രതിമയും വിശദാംശങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൃദയ ശസ്ത്രക്രിയ വിദഗ്ധരിൽ ഒരാളായ ഡോ. കെ എം ചെറിയാനാ( ചെന്നൈ) യിരുന്നു ആ പ്രതിഷ്ഠാപനത്തിന് പിന്നിലെ ചാലകശക്തി. അദ്ദേഹത്തിന്റെ വിജയത്തിൻ്റെ ചുവടുപിടിച്ചു കൊണ്ടാണ് ഗോവ രാജ്ഭവനിൽ ചരക- ശുശ്രുത പ്രതിമകൾ സ്ഥാപിക്കുന്നതെന്ന് ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ഗോവയും രാഷ്ട്രവും ശ്രീധരൻ പിള്ളയോട് കടപ്പെട്ടിരിക്കുന്നു-
ഡോ. പ്രമോദ് സാവന്ത്
‘ വാമനവൃക്ഷകല ‘എന്ന ഗവേഷണ ഗ്രന്ഥം തയ്യാറാക്കി ബോട്ടണി യുടെ പാഠപുസ്തമാക്കുകയും അതുവഴി ബോൺസായിയുടെ ഉറവിടം ഭാരതമാണെന്ന് സ്ഥാപിച്ച് ഏറ്റവും വലിയ ബോൺസായ് ഗാർഡൻ ഗോവയിൽ സ്ഥാപിക്കുകയും ഭാരതീയ പൈതൃകത്തിൻ്റെ പ്രതീകങ്ങളായ പ്രതിമകൾ സ്ഥാപിക്കുകയും വഴി ശ്രീധരൻ പിള്ളയോട് ഗോവയും രാഷ്ട്രവും കടപ്പെട്ടിരിക്കുന്നു എന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് തൻ്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗോവയുടെ തനത് പശു ഇനമായ ശ്വേത കപില പശുക്കൾക്ക് മാത്രമായി ഒരു ഗോശാല സ്ഥാപിക്കുകയും ഗോവയിലെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ചതിലൂടെ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഗോവ ഗവർണർ ശ്രീധരൻപിള്ള കാലത്തെ അതിജീവിക്കുന്ന ഒരു ഭരണാധിപനായി എന്നും ഗോവൻ ജനതയുടെ മനസ്സിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയും മറ്റ് രാജ്ഭവനുകളും ഗോവ രാജ്ഭവൻ സൃഷ്ടിക്കുന്ന ക്രിയാത്മക മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ് ഭവനിലെ നവീകരിച്ച നീന്തൽക്കുളത്തിൻ്റെ ഉദ്ഘാടനവും ഗവർണറുടെ ഡിസ്‌ക്രിഷനറി ഫണ്ടിൽ നിന്നും കാൻസർ – ഡയബറ്റിക് രോഗികൾക്കുള്ള ധനസഹായ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ രാജ്ഭവൻ സെക്രട്ടറി എം ആർ എം റാവു ഐ എ എസ് സ്വാഗതവും സ്പെഷ്യൽ ഓഫീസർ മിഹിർ വർധൻ ആശംസയും ഹോർട്ടികൾചർ ഓഫീസർ നീലേഷ് നന്ദിയും പറഞ്ഞു.