top news
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് യൂനുസ് പാരിസിലായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനായി അദ്ദേഹം ധാക്കയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ അറിയിച്ചിരുന്നു.
‘ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്നും നേരിടുന്ന പ്രശ്നത്തില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്നും ആലോചിക്കേണ്ടതുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു’. പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീന്‍ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി തിരഞ്ഞെടുത്തത്. അതേസമയം മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.കൂടാതെ ഇടക്കാല സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ 10-14 പ്രമുഖരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക വിദ്യാര്‍ത്ഥി നേതാക്കള്‍ നല്‍കിയിരുന്നു.