കോഴിക്കോട്:
സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും കൈക്കലാക്കിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന (34) യെ ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തശേഷം കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പരാതിക്കാരൻ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് എന്ന് മനസ്സിലാക്കുകയും ശേഷം പ്രതികളിൽ ഒരാളായ കാസർകോട് സ്വദേശിയായ ഇർഷാനയുമായി പരാതിക്കാരന് വിവാഹാലോചന നടത്തുകയും ചെയ്തു. ശേഷം ഫോൺ വഴി ഇർഷാനയുമായി സംസാരിച്ച പരാതിക്കാരനെ പ്രതികൾ തന്ത്രപൂർവ്വം കെണിയിലാക്കി ഇർഷാനയെ പരാതിക്കാരന് വിവാഹം ചെയ്തു നൽകാൻ സന്നദ്ധത അറിയിച്ചു. 2024 ഫെബ്രുവരി എട്ടാം തീയതി തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനോട് പ്രതികൾ വിവാഹത്തിനായി കോഴിക്കോട്ടേക്ക് വരാൻ ആവശ്യപ്പെടുകയും വിവാഹത്തിന് കോഴിക്കോട് എത്തിയ പരാതിക്കാരന് ഇർഷാനയുടെ സഹോദരനാണ് എന്ന് പരിചയപ്പെടുത്തിയ പ്രതികളിൽ ഒരാൾ ഇർഷാനയെ നിക്കാഹ് ചെയ്തു നൽകുകയും ചെയ്തു. ശേഷം പരാതിക്കാരനും ഇർഷാനക്കും വിവാഹശേഷം ഒന്നിച്ച് താമസിക്കുന്നതിന് വീട് പണയത്തിന് എടുക്കുന്ന ആവശ്യത്തിലേക്ക് എന്നു പറഞ്ഞ് പ്രതികൾ പരാതിക്കാരനെ കൊണ്ട് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. ഇർഷാനയുടെ അക്കൗണ്ടിൽ 5 ലക്ഷം രൂപ ക്രെഡിറ്റ് ആവാതിരുന്നതിനാൽ അന്നേദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതികളും പരാതിക്കാരനും വെവ്വേറെ റൂമുകളിൽ താമസിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇർഷാനയുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയ ശേഷം താമസിക്കുന്നതിനായി പണയത്തിന് എടുത്ത വീട് കാണണം എന്നു പറഞ്ഞ പരാതിക്കാരനെയും കൂട്ടി പ്രതികൾ ഉച്ചയോടെ കാറിൽ വീട് കാണുന്നതിനായി എന്നു പറഞ്ഞു പുറപ്പെടുകയും വെള്ളിയാഴ്ച ദിവസം ആയതിനാൽ നിസ്കരിച്ച ശേഷം വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരാൾ പരാതിക്കാരനെയും കൂട്ടി കോഴിക്കോട് നടക്കാവ് മീൻ മാർക്കറ്റിന് സമീപമുള്ള മുസ്ലിം പള്ളിയിലേക്ക് പോകുകയും പരാതിക്കാരനോടൊത്ത് നിസ്കരിക്കുന്നതിനായി പോയ പ്രതികളിൽ ഒരാൾ തന്ത്രപൂർവ്വം പരാതിക്കാരനെ പള്ളിയിൽ ഉപേക്ഷിച്ച് തിരികെ എത്തി മറ്റ് പ്രതികളോടൊത്ത് കാറിൽ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ മറ്റ് മുതലുകളുമായി കടന്നു കളയുകയും ചെയ്തു.
സംഭവത്തിനുശേഷം പ്രതികൾ ഉപയോഗിച്ചിരുന്നതായ മൊബൈൽ നമ്പറുകൾ ഉപേക്ഷിക്കുകയും ഒളിവിൽ പോകുകയും ആയിരുന്നു.
പരാതിക്കാരൻ നൽകിയ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ കാസർകോട് ജില്ലയിൽ വച്ചാണ് മുഖ്യപ്രതിയായ ഇർഷാനയെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ .രഘുപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ശ്രീകാന്ത്, രശ്മി എ.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ സമാന രീതിയിൽ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാവാമെന്നും ആയത് അന്വേഷിച്ചുവരികയാണെന്നും കേസിൽ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഇൻസ്പെക്ടർ .പ്രജീഷ്.എൻ പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 4 മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.