തിരുവനന്തപുരം: ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഒരു അമേരിക്കൻ സർവകലാശാലയിൽ പ്രൊഫസറായി ജോലി സ്വീകരിക്കുന്നതിന് അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു.
1992 ബാച്ചിലെ ഐ.പി.എസ് ഓഫീസർ ആയ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം ഓ.എൻ.ജി.സിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എ.എസ്.പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്.പി യായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു. രണ്ടാം മാറാട് കലാപം പൊട്ടിപുറപ്പെട്ടതറിഞ്ഞ് കുതിച്ചെത്തിയ ഇദ്ദേഹം ആകാശത്തേക്ക് വെടിയുതിർത്ത് അക്രമികളെ തുരത്തിയത് വൻ പ്രശംസയ്ക്ക് കാരണമായിരുന്നു. കെ എ .പി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്റായിരുന്നു. ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും ഇൻറലിജൻസ് മേധാവിയായി ആറു വർഷത്തിലേറെയും പ്രവർത്തിച്ചു. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നീ തസ്തികൾ വഹിച്ചു. യു.എൻ മിഷന്റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.