തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നുണ്ടെങ്കില് എത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുന്നതില്‍ പേടിയില്ല. ചിലര്‍ക്ക് നെഞ്ചിടിപ്പുണ്ട്. എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷണത്തെ ഉപയോഗിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ വനിതയുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന് കുറ്റക്കാരെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകും. പ്രൈസ് വാര്‍ട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് ഒഴിവാക്കുന്നതും പരിശോധിക്കും.
ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പറയുന്നതിന് എന്ത് ന്യായമാണുള്ളത്. സ്പീക്കര്‍ എന്നത് ഇത്തരത്തിലുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ഒരാളല്ല. നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് അവരുമായി സര്‍ക്കാറിന് ബന്ധം. ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ എതിര്‍ക്കണം എന്നുള്ളതുകൊണ്ട് സംഭവിക്കുന്ന വിവാദങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.