top news

ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള ആളുകള്‍ക്കായി ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു.
ദൗത്യം അവസാനിപ്പിച്ച് തിരച്ചില്‍ സംഘം മടങ്ങി. ഇന്നത്തെ തിരച്ചിലിനിടെ ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചാലിയാറിനോട് ചേര്‍ന്ന ഭാഗങ്ങളാണ് ഇത്.

എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍. 60 അംഗ സംഘമായിരുന്നു ഇന്ന് തിരച്ചിലിനുണ്ടായിരുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close