കോഴിക്കോട് : വീണ് തുടയെല്ല് പൊട്ടി അബോധാവസ്ഥയിൽ കഴിയുന്ന അമ്മക്ക് ചികിത്സ നൽകാൻ സഹോദരൻ അനുവദിക്കുന്നുല്ലെന്ന സഹോദരിയുടെ പരാതിയിൽ അമ്മയുടെ താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് വകുപ്പ് ജില്ലാ ഓഫീസറും മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടറും ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഗസറ്റഡ് റാങ്കിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയാണ് പരാതിക്കാരിയുടെ അമ്മ. കുടുംബവീട്ടിൽ പരാതിക്കാരിയുടെ സഹോദരനൊപ്പമാണ് അമ്മ താമസിക്കുന്നത്. രണ്ടു മാസമായി തുടയെല്ല് പൊട്ടി അമ്മ ചികിത്സയിലാണെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 5 ന് സഹോദരന്റെ വീട്ടിൽ ഡോക്ടർമാരെയും കൂട്ടിയെത്തിയെങ്കിലും അമ്മയെ കാണാൻ അനുവദിച്ചില്ലെന്നും സഹോദരി പരാതിയിൽ പറഞ്ഞു. ഇതിനെതിരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. അമ്മക്ക് വിദഗ്ധ ചികിത്സ നൽകണമെന്നാണ് പുതിയറ സ്വദേശിനിയായ പരാതിക്കാരിയുടെ ആവശ്യം