top news
പോളണ്ട്-യുക്രൈന് ഔദ്യോഗിക സന്ദര്‍ശനത്തിന് യാത്ര തിരിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈന് ഔദ്യോഗിക സന്ദര്‍ശനത്തിന് യാത്ര തിരിച്ചു. മൊറാര്‍ജി ദേശായിക്ക് ശേഷം 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളില്‍ മോദി ഭാഗമാകും. പോളണ്ട് പ്രസിഡന്റ് ആന്ദ്രെജ് ദുഡെയുമായും പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായും നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
പോളണ്ടിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജ്യതലസ്ഥാനമായ വാര്‍സോയില്‍ ആണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വാര്‍സോയില്‍ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.
യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി തുടര്‍ന്ന് യുക്രൈനിലും എത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന് സന്ദര്‍ശിക്കുന്നത്.അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും ആശയ വിനിമയം നടത്തും.