top news
കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതം
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും ഇന്നലെ കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വ്യാപകമായ തിരച്ചില്‍ നടത്തുകയാണ് കേരളപോലീസ്. കൂടാതെ കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോണ്‍ വിവരങ്ങള്‍ തേടിയത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ദൃശ്യം പോലീസിന് കിട്ടി. ഒരു വിദ്യാര്‍ത്ഥിനി കുട്ടിയെ കണ്ട് സംശയം തോന്നി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് തിരച്ചിലിന് നിര്‍ണായകമായത്. ചിത്രത്തിലുള്ള തങ്ങളുടെ മകള്‍ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛന് സ്ഥിരീകരിച്ചു. തസ്മിദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകള്‍: 9497960113 / 9497980111
സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ഇന്നലെ രാവിലെ തസ്മിദിനേ ശകാരിച്ചിരുന്നു. തുടര്‍ന്ന് അച്ഛനും അമ്മയും ജോലിക്ക് പോയതിന് പിന്നാലെ കുട്ടി വീട്വിട്ടിറങ്ങുകയായിരുന്നു. വസ്ത്രങ്ങള്‍ കറുത്ത ബാഗിലാക്കിയാണ് കുട്ടി വീട് വിട്ടത്. കയ്യില്‍ ആകെയുള്ളത് 50 രൂപ മാത്രമായിരുന്നു. വീടുവിട്ടിറങ്ങുമ്പോള് പിങ്ക്, ക്രീം നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വൈകീട്ട് മടങ്ങി എത്തിയപ്പോള്‍ മകളെ കാണാതിരുന്ന കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ പൊലീസ് അന്വേഷണം തുടങ്ങി.