KERALAlocaltop news

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണം: രാഹുല്‍ മാങ്കൂട്ടത്തില്‍

എം.വി ഗോവിന്ദൻ്റെ മകനാണ് രഞ്ജിത്തിൻ്റെ അസി. ഡയരക്ടർ

കോഴിക്കോട്: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്തിനെതിരെ സഹപ്രവര്‍ത്തകയായിരുന്ന നടി ലൈംഗീകാതിക്രമണം എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ രഞ്ജിത് ഇന്ത്യ കണ്ട മഹാനായ സംവിധായകനാണെന്നാണ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എന്നതിനേക്കാള്‍ സാംസ്‌കാരിക ബാധ്യതയായി സജി ചെറിയാന്‍ മാറി എന്നുള്ളതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും മന്ത്രിമാരും സിനിമയിലെ പവര്‍ ഗ്രൂപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ സജി ചെറിയാന്‍ ഒരു പടി കൂടെ കടന്ന് ആരോപണ വിധേയരായ ആളുകളെ മേക്കപ്പ് ചെയ്ത് സംരക്ഷിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പണി കൂടെ ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ മാത്രമേ അന്വേഷിക്കാന്‍ കഴിയൂ എന്ന് പറയാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് കെ.എന്‍ ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. പേര് പുറത്ത് വന്നാല്‍ അന്വേഷണം നടത്തം എന്ന നിലപാട് തുടക്കത്തിലേ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു, എന്നാല്‍ സിപിഎം നേതാക്കളുടെ പേരുകള്‍ ഗണേഷ്‌കുമാര്‍, രഞ്ജിത് ഉള്‍പ്പെടെയുള്ള ആളുകളുടെ പേരുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പരാതി ലഭിക്കട്ടെയെന്നാണ് പറയുന്നത്. പരാതി നല്‍കിയാല്‍ അടുത്ത എന്തെങ്കിലും ന്യായവാദങ്ങളുമായി വരുമെന്നും രാഹുല്‍ പരിഹസിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ മങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. രഞ്ജിത്ത് രാജി വെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പുറത്താക്കണം. സിപിഎമ്മാണ് രഞ്ജിത്തിന് സംരക്ഷണം നല്‍കുന്നത്. സിപിഎം പാര്‍ട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന്റെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍. രഞ്ജിത്തിന്റെ പണി പോയാല്‍ ഗോവിന്ദന്റെ മകന്റെ പണി പോകും. രഞ്ജിത്തിന്റെ നിലനില്‍പ്പ് സംരക്ഷിക്കേണ്ടത് പാര്‍ട്ടിയിലെ ആളുകളുടെ ആവശ്യമാണ് എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close