top news
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭവാഗ്ദാനം ; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 1.25 കോടി
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും 1.25 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍ പോലീസ്് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദില്‍ നിന്നും പിടിയിലായ വിജയ് സോന്‍ഖര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി.
മാസങ്ങള്‍ക്ക് മുന്‍പാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തത്. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ചു തുക നല്‍കി. പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. നിക്ഷേപിച്ച പണത്തിന് വന്‍ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളില്‍ നിരന്തരം പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാല്‍ കോടിയോളം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം മുങ്ങുകയായിരുന്നു.തുടര്‍ന്ന് വീട്ടമ്മ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോളാണ് ഇവര്‍ നല്‍കിയ ഫോണ്‍നമ്പര്‍ വ്യാജമാണെന്ന് മനസിലാക്കിയത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഇതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നത്. തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി വിജയ്ക്ക് കൃത്യമായ മേല്‍വിലാസം ഇല്ലായിരുന്നു. ലഭ്യമായ വിലാസത്തില്‍ അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ പോലീസ് സംഘമെത്തിയെങ്കിലും പ്രതിയിലേക്കെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പ്രതി പോലീസിന്റെ വലയില്‍ വീണു. വിഎസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജി.എസ്.ടി സര്‍ട്ടിഫിക്കറ്റും, ബാങ്കില്‍ കറന്റ് അക്കൗണ്ടും തുടങ്ങിയായിരുന്നു ഇയാള്‍ വ്യാപക തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചിയിലേതടക്കം കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ടില്‍ കണ്ടെത്തിയത്.