top news
വയനാട് ഉരുള്‍പൊട്ടല്‍: ക്യാംപില്‍ കഴിയുന്നവരെ ഒരാഴ്ചക്കുള്ളില്‍ വീടുകളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ ഇപ്പോഴും ക്യാംപില്‍ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളില്‍ വീടുകളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്ന് ഹൈക്കോടതി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗണ്‍ഷിപ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഹൈക്കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു, വയനാട് ദുരന്തമുണ്ടായ ശേഷം സ്വമേധയ എടുത്ത കേസില്‍ എല്ലാ വെള്ളിയാഴ്ചയും കോടതി വാദം കേള്‍ക്കുന്നുണ്ട്.
ആരെങ്കിലും ക്യാംപില്‍ നിന്ന് മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നില്‍ ചില കാരണങ്ങളും ഉണ്ടാവും. അത് പരിശോധക്കണമെന്നും കോടതി നിര്‍ദേശിച്ചു. എത്ര പേര്‍ ഇനിയും ക്യാംപില്‍ ഉള്ളതെന്ന് കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന്റെ കണക്കിലുള്ള അവ്യക്തത സംബന്ധിച്ച് സര്‍ക്കാര്‍ വിശദീക്കണം. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി ഓണ്‍ലൈന്‍ വഴി ഹാജര്‍ ആകുന്നത് വിശദീകരണം തേടുന്നത് എളുപ്പമാക്കുമെന്നും കോടതി പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ പുനരധിവാസം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, നഷ്ടപരിഹാകമായി നല്‍കുന്ന തുക അര്‍ഹരില്‍ എത്തുന്നുണ്ടോ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതി കോടതി ആരാഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ പരാതി പരിഹാര സെല്ലുകള്‍ തുടങ്ങണം. ഇതിന് ജില്ലാ ലീഗല്‍ സര്‍വീസസസ് അതോറിറ്റിയുടെ സഹായം തേടാം. ദുരിതബാധിതര്‍ക്ക് പറയാനുള്ളത്, അത് എന്തായാലും രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു.