കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് സ്ഥലത്ത് അനധികൃതമായി സ്വകാര്യ വ്യക്തികൾ വാഹന പാർക്കിങ്ങിന് പണം പിരിക്കുന്നതായി ബി.ജെ.പിയിലെ ടി.റനീഷ് ശ്രദ്ധ ക്ഷണിച്ചു. കോംട്രസ്റ്റ് ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും മൂന്ന് വ്യക്തികൾ തങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ ഒരു ഭാഗത്ത് പണംപിരിച്ച് പാർക്കിങ്ങ് നടത്തുന്നത് ശരിയല്ല. കോൺഗ്രസിലെ എസ്.കെ.അബൂബക്കറും ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തതോടെ കൗൺസിൽ യോഗത്തിൽ ബഹളമുയർന്നു. എന്നാൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ധനകാര്യ സമിതി സ്ഥലം സന്ദർശിച്ച് എല്ലാരേഖകളും പരിശോധിച്ചശേഷമാണ് കൗൺസിൽ ഐകകണ്ഠ്യന വണ്ടിത്താവളത്തിന് സ്ഥലമനുവദിച്ചതെന്നും അനുവദിച്ച സ്ഥലത്തിൽ നിന്ന് മാറ്റി ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടാൽ നടപടിയുണ്ടാവുമെന്നും ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ചൂടേടിയ ചർച്ചയും നടന്നു.
സൗത് ബീച്ചിൽ പാർക്കിങ്ങ് സൗകര്യമൊവരുക്കാനുള്ള നടപടികൾ പെട്ടെന്നാക്കാൻ ശ്രമിക്കുമെന്ന് മേയർ പറഞ്ഞു. ലോറി പാർക്കിങ്ങിന് സ്ഥലം നൽകാതെ കാറുകൾക്ക് മാത്രം പോർട് അധികൃതർ സ്ഥലം അനുവദിച്ചതാണ് തടസമായത്. കെ. മൊയ്തീൻ കോയയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. പണ്ടാരത്തിൽ പ്രസീത, ടി.കെ.ചന്ദ്രൻ, പി.മുഹ്സിന, കെ.പി.രാജേഷ്കുമാർ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചു. പാളയം പച്ചക്കറിമാർക്കറ്റിലെ കച്ചവടം കല്ലുത്താൻ കടവിൽ പുതിയ മാർക്കറ്റിലേക്ക് മാറ്റാനുള്ള കോർപറേഷൻ തീരുമാനം നടപ്പാക്കാൻ ഒറ്റക്കെട്ടായി നിൽക്കണം. അഡ്വ. സി.എം.ജംഷീറാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കല്ലുത്താൻ കടവിൽ ഫ്ലാറ്റ് പണിത് ചേരിയിലുള്ളവരെ മാറ്റിയും മറ്റും മാർക്കറ്റ് ഒരുക്കിയെങ്കിലും ഗതാഗതക്കുരുക്കുമായി പാളയത്ത് മാർക്കററ് തുടരുന്നതിനെപ്പറ്റിയായിരുന്നു ശ്രദ്ധ ക്ഷണിച്ചത്. മാർക്കറ്റ് മാറ്റുന്നതിനെപ്പറ്റി 1995 മുതൽ ചർച്ച നടക്കുന്നതാണെന്ന് എൻ.സി.മോയിൻ കുട്ടി പറഞ്ഞു. വിശാലമായ കാഴ്ചപ്പാടോടെയുള്ള ഇത്തരം വികസനം തടയുന്ന ഗൂഡാലോചനക്കെതിരെ അന്വേഷണം നടത്തണമെന്നും മോയിൻകുട്ടി ആവശ്യപ്പെട്ടു. ജനങ്ങൾ കാത്തിരിക്കുന്നതാണ് മാർക്കറ്റ് മാററ്റണമെന്നതെന്നും കോർപറേഷൻ ഏകകണ്ഠ്യമായെടുത്ത തീരുമാനം എതിർക്കുന്നത് ജനങ്ങളോടും ചരിത്രത്തോടുമുള്ള പാതകമാണെന്നും മേയർ പറഞ്ഞു. ഹേമ കമീഷൻ റിപ്പോർട്ടിൽ സമഗ്ര അന്വേഷണം വേണമെന്നും അടിയന്തര നടപടികൾ വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. റിപ്പോർട്ടിൽ അടിയന്തര നടപടികൾ പുരോഗമിക്കുന്നുവെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചത്.