top news
ഉത്തര്‍പ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബഹ്‌റൈച്ച് ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. കൂടാതെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ 35 ഗ്രാമങ്ങളാണ് ചെന്നായകളുടെ ആക്രമണത്തില്‍ ഭീതിയിലായിരിക്കുന്നത്. ജൂലായ് 17 മുതല്‍ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായക്കൂട്ടം കൊന്നുവെന്നാണ് കണക്ക്.
അതേസമയം ‘ഓപ്പറേഷന്‍ ഭീഡിയ’ എന്ന പേരില്‍ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും തുടരുകയാണ്. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍. എന്നാല്‍ ചെന്നായ്ക്കള്‍ തുടര്‍ച്ചയായി വാസസ്ഥലം മാറുന്നത് തിരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മനുഷ്യന്റെ സ്വാഭാവിക ഗന്ധം ലഭിക്കാനായി, കുട്ടികളുടെ മൂത്രത്തില്‍ മുക്കിയ കളിപ്പാവകള്‍ ഉപയോഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകള്‍ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകള്‍ സ്ഥാപിച്ചിരിക്കുന്നത്.ബഹ്‌റൈച്ച് ജില്ലയില്‍ മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. ആറ് ചെന്നായകളില്‍ നാലെണ്ണത്തെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്.