top news
സിംഗപ്പൂര്‍, ബ്രൂണയ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂര്‍ സന്ദര്‍ശനം ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ. ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബ്രൂണയ് സന്ദര്‍ശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി നരേന്ദ്ര മോദി ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.
അതേസമയം ആറ് വര്‍ഷത്തിനു ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൈകോര്‍ക്കാനള്ള പദ്ധതികള്‍ക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, പീയൂഷ് ഗോയല്‍, അശ്വിനി വൈഷ്ണവ് എന്നിവരുടെ മന്ത്രിതല സംഘം കഴിഞ്ഞയാഴ്ച സിംഗപ്പൂരിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.