top news
മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍, എ ഡി ജി പി എം ആര് അജിത് കുമാറിന്റെ ഇടപെടലുകളിലുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്ന് കുടുംബം. അന്വേഷണസംഘത്തെ തീരുമാനിച്ച് ഉത്തരവിറക്കിയത് എ ഡി ജി പി എം ആര് അജിത് കുമാറാണ്. ഇതിനു പിന്നില്‍ ഇടപെടല്‍ നടന്നുവെന്ന സംശയമാണ് അന്‍വറിന്റെ വെളിപ്പെടുത്തലോടെ ബലപ്പെട്ടതെന്ന് മകള്‍ അദീബ നൈന. ഇതോടെ, കേസ് പൂര്‍ണമായും സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കോഴിക്കോട്ടെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ മാമിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് കാണാതായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രൂപീകരിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് അജിത് കുമാറാണെന്ന് മാമിയുടെ മകള്‍ അദീബ പറഞ്ഞു. ആദ്യം അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ അന്വേഷണച്ചുമതല മലപ്പുറം എസ് പിക്ക് കൈമാറുകയും അന്വേഷണ സംഘാംഗങ്ങളെ നിലനിര്‍ത്തുകയുമായിരുന്നു. സി ബി ഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നടപടിയുണ്ടായില്ല. അജിത് കുമാറിന്റെ ഇടപെടലില്‍ സംശയം ഉണ്ടായിരുന്നു. എം എല്‍ എയുടെ ആരോപണം സംശയം ബലപ്പെടുത്തുകയാണെന്ന് അദീബ പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
2023 ഓഗസ്റ്റ് 21ന് വൈകീട്ടാണ് മാമിയെ കാണാതായത്. കോഴിക്കോട് വൈ എം സി എ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.