top news

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം.

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശൂരിര്‍വെച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍ എസ് എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2023 മെയ് 22നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍ എസ് എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി ജി പിക്കും ഇന്റലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍ എസ് എസ് ജനറല്‍ സക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം ആര്‍ അജിത്കുമാര്‍ അവിടെയെത്തിയെന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആര്‍ എസ് എസിന്റെ പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.

സ്വകാര്യസന്ദര്‍ശനം എന്ന് അജിത്കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടിവരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close