top news
കോഴിക്കോട് എൻ ഐ ടി സി യിലെ 20-ാമത് ബിരുദദാന ചടങ്ങ് വർണാഭമായി സംഘടിപ്പിച്ചു
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൻ്റെ (എൻഐടിസി) 20-ാമത് ബിരുദദാന ചടങ്ങ് ഇന്ന് കാമ്പസിൽ നടന്നു. ബഹു. ന്യൂനപക്ഷകാര്യ സഹമന്ത്രിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രിയുമായ ശ്രീ. ജോർജ് കുര്യൻ കോൺവൊക്കേഷൻ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ 2047ൽ വികസിത് ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമ്പോൾ, ഇന്നത്തെ യുവ ബിരുദധാരികൾ രാജ്യത്തിൻ്റെ നേതൃനിരയിലെത്തുമെന്നും വ്യവസായിക രംഗങ്ങളിലും സമ്പദ്വ്യവസ്ഥയിലും ജനങ്ങളുടെ സമ്പൂർണ വികസനത്തിലും ഇന്ത്യയെ നയിക്കാനും ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും അവർ നേതൃത്വം നൽകുമെന്നും ശ്രീ. ജോർജ് കുര്യൻ പറഞ്ഞു. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ രാജ്യത്തിന്റെ വളർച്ചക്ക് സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സാക്ഷരത, ആരോഗ്യ നേട്ടങ്ങൾ എന്നിവ ഉയർത്തിക്കാട്ടി, കേരളത്തിൽ നിന്നും പുറത്തുനിന്നുമുള്ള വിദ്യാർത്ഥികളോട് കേരളത്തിൻ്റെ അംബാസഡർമാരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ ബിസിനസ്സ് ആരംഭിക്കാനും തങ്ങൾ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സംസ്ഥാനത്തെ പിന്തുണയ്ക്കാനും ശ്രീ. ജോർജ് കുര്യൻ പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ബോർഡ് ഓഫ് ഗവർണേഴ്സ് ഇൻ-ചാര്ജും സ്ഥാപന ഡയറക്ടറുമായ പ്രൊഫ. പ്രസാദ് കൃഷ്ണ, ബിരുദദാന ചടങ്ങ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. 7800-ലധികം വിദ്യാർത്ഥികളും 425 അധ്യാപകരും 330 സ്റ്റാഫ് അംഗങ്ങളുമുള്ള രാജ്യത്തെ ഏറ്റവും വലിയ എൻഐടിയാണ് കോഴിക്കോട് എൻഐടിയെന്ന് അദ്ദേഹം പറഞ്ഞു.
“2023-24 അധ്യയന വർഷത്തിൽ 196 കമ്പനികൾ കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തു. 1,011 വിദ്യാർഥികൾ വിവിധ കമ്പനികളിൽ തൊഴിൽ നേടി. ബിരുദധാരികൾക്ക് ലഭിച്ച ഏറ്റവും മികച്ച ശമ്പളം 50.6 ലക്ഷം രൂപയും ബിരുദാനന്തരബിരുദധാരികൾക്ക് ലഭിച്ച മികച്ച ശമ്പളം 39.3 ലക്ഷം രൂപയുമാണ്,” അദ്ദേഹം പറഞ്ഞു. ശരാശരി ശമ്പളം 10.86 ലക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റ കൺസൾട്ടൻസി സർവീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസറുമായ ശ്രീ. മിലിന്ദ് ലക്കാട് (1985 ബാച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ പൂർവ്വ വിദ്യാർത്ഥിയും വിശിഷ്ട പൂർവ വിദ്യാർത്ഥി അവാർഡ് ജേതാവും) വിശിഷ്ടാതിഥിയായിരുന്നു. സ്ഥിരതയോടും സ്ഥിരോത്സാഹത്തോടും കൂടി അഭിനിവേശത്തോടെ പ്രവർത്തിച്ചാലേ വിജയം നേടാൻ കഴിയൂ എന്ന് തൻ്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒരു ബിരുദധാരി ജീവിതകാലം മുഴുവൻ പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ കമാന്റർ ഡോ. എം.എസ്. ശാമസുന്ദര, ഡീൻ (അക്കാദമിക്) പ്രൊഫ. എ.വി. ബാബു, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ബിരുദദാനത്തിന് നേതൃത്വം നൽകി.
ബിരുദധാരികൾ:
1169 ബി.ടെക്., 57 ബി.ആർക്ക്., 442 എം.ടെക്., 23 എം.പ്ലാൻ., 56 എം.സി.എ., 44 എം.ബി.എ., 94 എം. എസ് സി, 94 പി എച്ച് ഡി തുടങ്ങി 1979 ബിരുദധാരികൾക്ക് ബിരുദം നൽകി. എൻ ഐ ടി സി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദദാന ചടങ്ങാണ് നടന്നത്.
ഗോൾഡ് മെഡൽ ജേതാക്കളും പുരസ്കാരങ്ങളും
ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന സിജിപിഎ (9.88/10) നേടിയ സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ നിന്നുള്ള എ അഞ്ജനയ്ക്ക് ‘എഞ്ചിനീയർ എം എൽ ബപ്ന ഗോൾഡ് മെഡലും 11,111 രൂപ ക്യാഷ് പ്രൈസും നൽകി. യു ജി പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാര്ഥിക്കായുള്ള ‘പ്രൊഫ. അല്ലേശു കാഞ്ഞിരത്തിങ്കൽ മെമ്മോറിയൽ അവാർഡും’ 10,000/- രൂപ ക്യാഷ് പ്രൈസും അഞ്ജനക്ക് ലഭിച്ചു.
പിജി വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന സി ജി പി എ (9.9/ 10) നേടിയ എംടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഇൻ പവർ സിസ്റ്റംസിൽ നിന്നുള്ള ശ്രീ സയ്യിദ് അബ്ദുൾ ഖാദർ ജീലൻ അറഫാത്ത് ‘Er. എം എൽ ബപ്ന ഗോൾഡ് മെഡലും’ 11,111/- രൂപ ക്യാഷ് പ്രൈസും നേടി.
കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന ഔട്ട്സ്റ്റാൻഡിംഗ് അച്ചീവർ അവാർഡും 25,000 രൂപ ക്യാഷ് പ്രൈസും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ശാഖയിലെ ശ്രീ ഏലിയാസ് ജോർജ് കരസ്ഥമാക്കി. മികച്ച ഔട്ട്ഗോയിംഗ് യുജി വിദ്യാർത്ഥിക്കുള്ള REC കാലിക്കറ്റിൻ്റെ ആദ്യ ബാച്ച് സ്പോൺസർ ചെയ്ത വിക്രം സാരാഭായ് എവർ റോളിംഗ് ട്രോഫിയും അദ്ദേഹത്തിന് ലഭിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ 10 B. Tech, B. Arch, 24 M. Tech, M. Plan, 3 M.Sc., MCA, MBA പ്രോഗ്രാമുകളിലെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അതത് സ്പെഷ്യലൈസേഷനുകളിലെ മികച്ച പ്രകടനത്തിനുള്ള സ്വർണ്ണ മെഡലുകൾ ലഭിച്ചു.