കോഴിക്കോട് : കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് ഫാര്‍മസി/ എന്‍ജിനീയറിങ് പ്രവേശനങ്ങള്‍ക്കായുള്ള കീം പ്രവേശന പരീക്ഷ നടന്നു. 37 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. രാവിലെ 10 മുതല്‍ 12.30 വരെ എൻജിനീയറിങ്, ഫാർമസി പരീക്ഷയും ശേഷം 2.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ എൻജിനീയറിങ് പരീക്ഷാർത്ഥികൾക്ക് മാത്രമായി മാത്സ് വിഷയത്തിലുമായാണ് പരീക്ഷ നടന്നത്. രാവിലെ നടന്ന പരീക്ഷയിൽ 10262 വിദ്യാർത്ഥികളും ഉച്ചയ്ക്ക് ശേഷം നടന്ന പരീക്ഷയിൽ 7625 വിദ്യാർത്ഥികളും പരീക്ഷയെഴുതി. 82 ശതമാനം വിദ്യാർത്ഥികൾ രാവിലെ നടന്ന പരീക്ഷയും 78 ശതമാനം വിദ്യാർഥികൾ ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷയും എഴുതി.
രാവിലെ എട്ടുമണിയോടെ തന്നെ പരീക്ഷാര്‍ഥികള്‍ സെന്ററുകളില്‍ എത്തി തുടങ്ങിയിരുന്നു. ഒരോ സ്കൂളിലും പത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് ആരോഗ്യചട്ടങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. കൈ കഴുകി, സാനിറ്റൈസിങ് നടത്തി, താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് കയറ്റിയത്. ഒരു മുറിയിൽ 20 വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിച്ചത്. ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. ഇത്തരം മുറികളിൽ 24 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഉച്ചയ്ക്ക് ശേഷം ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ എത്തിയില്ല. പല കേന്ദ്രങ്ങളിലും രക്ഷിതാക്കൾക്കും സ്കൂൾ കോമ്പൗണ്ടിൽ ഇരിക്കാൻ സന്നദ്ധ സേവ പ്രവർത്തകർ സൗകര്യമൊരുക്കി. സ്ഥലപരിമിതി ഉള്ള കേന്ദ്രങ്ങളിൽ രക്ഷിതാക്കളെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റിയില്ല. മുഴുവൻ കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി പൂർത്തിയാക്കി. പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്ഥാപനം എന്നീ വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു.രാവിലെ 10 മണിക്ക് തുടങ്ങിയ പരീക്ഷ വൈകീട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയായി.