top news

ലൈംഗിക അതിക്രമങ്ങളില്‍ പരാതി നല്‍കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍ സംഘം; നടി രോഹിണി അധ്യക്ഷ

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടികര്‍ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നല്‍കാന്‍ താര സംഘടനയായ നടികര്‍ സംഘം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നടി രോഹണിയെ കമ്മിറ്റി അധ്യക്ഷയായി നിയോഗിച്ചു.

2019 മുതല്‍ താര സംഘടനയായ നടികര്‍ സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം സജീവമായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

 

ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് വിലക്കാന്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതടക്കമുള്ള നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉള്‍പ്പെടുത്തി നടകര്‍ സംഘം പ്രമേയം പാസാക്കിയിരുന്നു. നടികര്‍ സംഘവും അതിന്റെ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ആന്‍ഡ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയിം ( ജി എസ് ഐ സി സി ) ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോഗം പാസാക്കിയത്. പരാതി അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ സിനിമ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളില്‍ പ്രധാനം. ഈ ശുപാര്‍ശ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും. അതിനാല്‍ പരാതിയുമായി എത്തുന്നവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഏഴ് പ്രമേയങ്ങളാണ് യോഗത്തില്‍ നടികര്‍ സംഘം പാസാക്കിയത്.

ആരോപണ വിധേയര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുമെന്നും അതിന് ശേഷം പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. പരാതികള്‍ ഉള്ളവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുന്നതിന് പകരം കമ്മിറ്റിയെ നേരിട്ട് അറിയിക്കണമെന്നും അഭിനേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ യൂട്യൂബ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷേപകരമോ അപകീര്‍ത്തികരമോ ആയ ഉള്ളടക്കത്തിനെതിരെ സൈബര്‍ ക്രൈം പരാതികള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരെ പൂര്‍ണമായി പിന്തുണയ്ക്കും. ജി എസ് ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ നടികര്‍ സംഘം നേരിട്ട് നിരീക്ഷിക്കുമെന്നും ഇതില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close