കോഴിക്കോട് : വെള്ളിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ബേപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം .മരങ്ങൾ കടപുഴകി വീണാണ് അപകടം ഉണ്ടായത്.ബി.സി റോഡ് മാഞ്ചോട് ബസ്സ് സ്റ്റോപ്പിന് സമീപം കുണ്ടാട്ടിൽ ബാബു, തോട്ടുങ്ങൽ റെനിൽ കുമാർ എന്നിവരുടെ വീടിനു മുകളിലാണ് പുളിമരവും തെങ്ങും വീണത്.വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.നടുവട്ടം പെരച്ചനങ്ങാടി കട്ടയാട്ട് ക്ഷേത്രത്തിനു സമീപം മരങ്ങൾ വീണ് എട്ട് വൈദ്യുതി കാലുകൾ തകർന്നു.ഗതാഗതവും സ്തംഭിച്ചു. പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. കൗൺസിലർ എൻ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.